ഡോ. കഫീല്‍ ഖാനെ പിരിച്ചുവിട്ടതിന് യുപി സര്‍ക്കാര്‍ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി

ലഖ്‌നൗ- ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് തന്നെ പിരിച്ചു വിട്ടതിനെതിരെ ഡോ. കഫീല്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ യുപി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. നാലാഴ്ച്ചയ്ക്കം ഇതു സംബന്ധിച്ച മറുപടി അറിയിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. കൂടുതല്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനായ കഫീല്‍ ഖാന് കോടതി രണ്ടാഴ്ചയും സമയം നല്‍കി. ഇതിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.

യുപിയിലെ ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കിയ പിഞ്ചു കുട്ടികളുടെ കൂട്ടമരണം നടന്ന ബിആര്‍ഡി ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ സ്വന്തം പരിശ്രമത്തില്‍ നിരവധി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡോക്ടര്‍ ഹീറോ ആയതോടെ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിന്നീട് കുട്ടികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കുറ്റങ്ങള്‍ ചുമത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ജാമ്യം ലഭിച്ച പുറത്തിറങ്ങിയതിനു പിന്നാലെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Latest News