ബെംഗളൂരു- കര്‍ണാടകയില്‍ മറ്റൊരു കോളേജില്‍ കൂടി ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്കുമുന്നില്‍ ഗെയിറ്റടച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ കോളേജിലാണ് ഹിജാബ് ധരിച്ചെത്തിയ ഇരുപതോളം വിദ്യാര്‍ഥിനികളെ പുറത്താക്കിയത്. സംസ്ഥാനത്ത് മറ്റൊരു കോളേജില്‍ ഹിജാബ് നിരോധത്തെ തുടര്‍ന്ന് പ്രതിഷേധം തുടരുന്നതിനിടെയാണ് കുന്ദാപൂര്‍ കോളേജിലും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. വിദ്യാര്‍ഥിനികള്‍ കോളേജ് പ്രിന്‍സിപ്പല്‍ ജി.ജെ. രാമകൃഷ്ണയുമായി തര്‍ക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
എന്തുകൊണ്ട് തങ്ങളെ തടയുന്നുവെന്നും ഹിജാബ് ധരിക്കുന്നത് വിലയ്ക്കാന്‍ എന്തു നിയമമാണ് ഉള്ളതെന്നും വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. ആദ്യം ഹിജാബ് മാറ്റൂ എന്നാവശ്യപ്പെടുന്ന പ്രിന്‍സിപ്പലിനോട് പരീക്ഷക്ക് രണ്ടു മാസം മാത്രമാണ് ബാക്കിയെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ക്ലാസ് തീരുന്നതുവരെ ആറു മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ ഗെയിറ്റിനു പുറത്ത് ചെലവഴിച്ചു.
പെണ്‍കുട്ടികള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച നൂറോളം ആണ്‍കുട്ടികള്‍ കാവി ഷാള്‍ ധരിച്ച് ക്ലാസിലെത്തിയിരുന്നു. കോളേജില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ബോര്‍ഡ് മെംബര്‍ കൂടിയായ ബി.ജെ.പി എം.എല്‍.എ ഹലാദി ശ്രീനിവാസ് ഷെട്ടിയുമായി ബന്ധപ്പെട്ടിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും വിവേചനം പാടില്ലെന്നുമാണ് കാവിഷാള്‍ ധരിച്ച ആണ്‍കുട്ടികളെ ന്യായീകരിച്ചുകൊണ്ട് എം.എല്‍.എ പറഞ്ഞത്.
വിദ്യാര്‍ഥിനികള്‍ വ്യാഴാഴ്ചയും ഹിജാബ് ധരിച്ചെത്തിയപ്പോഴാണ് പ്രിന്‍സിപ്പല്‍ ഇടപെട്ടതും ഗെയിറ്റടച്ചതും. വിദ്യാര്‍ഥനികള്‍ക്ക് കോളേജില്‍ ഹിജാബ് ധരിക്കാമെങ്കിലും ക്ലാസെടുക്കുമ്പോള്‍ പാടില്ലെന്നാണ് കോളേജ് നിയമമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, കുട്ടികള്‍ ഹിജാബോ കാവി ഷാളോ ധരിച്ച ക്ലാസില്‍ എത്തരുതെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയത്.
എല്ലാ കുട്ടികളും ഭാരത മാതാവിന്റെ മക്കളാണെന്നും കുട്ടികള്‍ മതവ്യത്യാസമില്ലാതെ വരേണ്ട സ്ഥലമാണ് സ്‌കൂളുകളെന്നും മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. മറ്റൊരു വിധത്തില്‍ ചിന്തിക്കുന്ന മത സംഘടനകളുണ്ടെന്നും അവരെ നിരീക്ഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഏകതയെ പരിഗണിക്കാത്തവരെ അതേനിലയില്‍ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉഡുപ്പിയിലെ പി.യു.ഗേള്‍സ് കോളേജിലാണ് നേരത്തെ വിദ്യാര്‍ഥിനികളെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട് ഹിജാബ് തടഞ്ഞത്. ഒരു മാസം മുമ്പായിരുന്നു സംഭവം. ക്ലാസില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഹിജാബ് ധരിച്ചുമാത്രമേ ക്ലാസില്‍ കയറൂഎന്ന് ആറു വിദ്യാര്‍ഥനികളാണ് വ്യക്തമാക്കിയത്. ഈ പെണ്‍കുട്ടികള്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണെന്നും മറ്റു മുസ്്‌ലിം കുട്ടികള്‍ക്ക് പ്രശ്‌നമില്ലെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.