ഫോൺ താഴെ വീണ് പൊട്ടാതിരിക്കാൻ കവർ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. മനോഹരമായ കവറുകൾ ലഭ്യമാണെങ്കിലും സ്ക്രീൻ ഗാർഡും കവറുമില്ലാതെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരും ധാരളമാണ്. ഭംഗിയുള്ള ഫോൺ എന്തിനു കവറിൽ ഒളിപ്പിക്കണമെന്നാണ് അവരുടെ ചോദ്യം. കവറിട്ടതുകൊണ്ട് ഫോൺ വീഴില്ലെന്നും വീണാൽ പൊട്ടില്ലെന്നുമുള്ള വാദം ഇക്കൂട്ടർ അംഗീകരിക്കില്ല. ഫോൺ താഴെ വീണാൽ കവർ ഉള്ളതുകൊണ്ട് പൊട്ടില്ല എന്നത് തെറ്റിദ്ധാരണയാണെന്നും കവറില്ലെങ്കിലാണ് നമ്മൾ ഫോൺ കൂടുതൽ സൂക്ഷ്മതയോടെ ഉപയോഗിക്കുകയെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
കവറിട്ട് ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ടെങ്കിലും ചില പ്രശ്നങ്ങളുമുണ്ട്. ഫോൺ ഹീറ്റാകുന്ന ഉപകരണമായതിനാൽ കവർ ഇട്ടാൽ ഫോണിന്റെ പെർഫോമൻസിനെ ബാധിക്കും. സ്മാർട്ട് ഫോൺ ഹീറ്റാകുമ്പോൾ ചൂട് നിയന്ത്രിക്കാനുള്ള ക്രമീകരണം ഫോണിലുണ്ട്. ഫോൺ ചൂടാകുമ്പോൾ പെർഫോമൻസ് കുറച്ചുകൊണ്ടാണ് ഹീറ്റ് കൺട്രോൾ ചെയ്യാനുള്ള ഫീച്ചർ പ്രവർത്തിക്കുക. ഫോൺ കൂടുതൽ ചൂടായാൽ പ്രോസസറിന്റെ പ്രവർത്തനം കുറഞ്ഞ വേഗത്തിലായിരിക്കും. പ്രൊസസറിന്റെ വേഗം കുറയുമ്പോൾ ഫോൺ ഹാംഗ് ആകുകയും ചെയ്യും.
കവർ ഇല്ലാതെയാണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ഫോൺ ചൂടാകാനുള്ള സാധ്യത കുറയും. പ്രൊസസർ ശരിയായി പ്രവർത്തിക്കുന്നതിനാൽ ഫോണിന്റെ പെർഫോമൻസ് മെച്ചപ്പെട്ട തരത്തിലായിരിക്കും.
ഫോൺ കവറിന്റെ ഉപയോഗം ഫോൺ ചാർജ് ചെയ്യുന്നതിന്റെ വേഗത്തെയും ബാധിക്കുമെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു. സ്മാർട്ട് ഫോൺ ചാർജ് ചെയ്യുമ്പോൾ അത് ഹീറ്റാകാറുണ്ട്. കവർ കൂടി ഉപയോഗിക്കുകയാണെങ്കിൽ ഫോൺ കൂടുതൽ ചൂടാകാനുള്ള സാധ്യതയുണ്ട്. ഫോൺ ചൂടായാൽ ചാർജിംഗ് വേഗം കുറയ്ക്കാൻ എല്ലാ സ്മാർട്ട് ഫോണുകളിലും സംവിധാനമുണ്ട്. ചാർജ് ചെയ്യുമ്പോൾ ഫോൺ പൊട്ടിത്തെറിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.
സ്മാർട്ട് ഫോൺ അമിതമായി ചൂടാകുമ്പോൾ ആദ്യം ബാധിക്കുന്നത് ബാറ്ററിയെയാണ്. കമ്യൂണിക്കേഷനായി സ്മാർട്ട് ഫോൺ റേഡിയോ തരംഗങ്ങളാണ് ആശ്രയിക്കുന്നത്.
ഇടയിൽ തടസ്സം വന്നാൽ റേഡിയോ സിഗ്നലുകൾക്ക് കാര്യക്ഷമമായി സഞ്ചരിക്കാൻ കഴിയില്ല. സ്മാർട്ട് ഫോൺ കവറുകൾ സെല്ലുലാർ നെറ്റ്വർക്കുകൾ, ബ്ലൂടൂത്ത്, വയർലസ് ചാർജിംഗ് തുടങ്ങിയ എല്ലാ റേഡിയോ സിഗ്നലുകളുടെയും കാര്യക്ഷമത കുറയ്ക്കും.






