ബൂസ്റ്റർ ഡോസ് മാത്രമെടുത്ത ഇന്ത്യക്കാർക്ക് സൗദിയിൽ മൂന്നു ദിവസം ക്വാറന്റൈൻ നിർബന്ധം

ഇഖാമയും റീ എൻട്രിയും സൗജന്യ പുതുക്കൽ ആനുകൂല്യം ഇന്ത്യക്കാർക്കില്ല

റിയാദ്- സൗദി സർക്കാർ പ്രഖ്യാപിച്ച ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയിലെ പ്രവാസികൾക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പ്രസ്തുത ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും കാലാവധി ദീർഘിപ്പിക്കുന്ന നടപടികളിലേക്ക് പ്രവേശിച്ചതോടെ ഇന്ത്യയടക്കം ആറു രാജ്യങ്ങൾ പുറത്തായി. ഇന്ത്യയിൽ നിന്ന് രണ്ട് വാക്‌സിനും സൗദിയിൽ നി് ഒരു ബൂസ്റ്റർ ഡോസും എടുത്തവർക്ക് റീ എൻട്രിയിൽ പോയി വരുമ്പോൾ മൂന്നു ദിവസം ഹോട്ടൽ ക്വാറന്റൈൻ വേണമെന്നും ജവാസാത്ത് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ച ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് മാർച്ച് 31 വരെയുള്ള ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയത്. ഡിസംബറിന് മുമ്പ് ഈ രാജ്യങ്ങളിലുള്ളവർ സൗദിയിലേക്ക് വരുന്നുവെങ്കിൽ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതുണ്ടായിരുന്നു. ഈ രാജ്യങ്ങളെ പ്രവേശന വിലക്കിൽ നിന്ന് പൂർണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് പൂതിയ തീരുമാനം.
സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് അവരുടെ ഇഖാമയോ റീ എൻട്രിയോ സന്ദർശക വിസയോ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശപ്രകാരം മാർച്ച് 31 വരെ സൗജന്യമായി ദീർഘിപ്പിച്ചു നൽകുമെന്ന് ഒരാഴ്ച മുമ്പ് ജവാസാത്ത് വ്യക്തമാക്കിയിരുന്നു. 
തുർക്കി, ലബനാൻ, എത്യോപ്യ, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലോസോത്തോ, ഇസ്വാതിനി, മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷൽ, മൗറീഷ്യസ്, കോമൊറോസ്, നൈജീരിയ എന്നീ 19 രാജ്യങ്ങളിൽ നിന്നുളളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവർക്കിപ്പോഴും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിൽ പ്രവേശിക്കണമെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കണം. ശേഷം പിസിആർ നെഗറ്റീവ് ഫലവുമായാണ് സൗദിയിൽ പ്രവേശിക്കേണ്ടത്. ഈ രാജ്യങ്ങളിലുള്ള സൗദിയിൽ നിന്ന് ഒരു വാക്‌സിൻ എടുത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 
ഇന്ത്യയടക്കം പ്രവേശനാനുമതിയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമയോ റീ എൻട്രിയോ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ സർക്കാറിന്റെ ആനുകൂല്യം പ്രതീക്ഷിച്ചു നിൽക്കേണ്ടതില്ലെന്നും 60 ദിവസത്തിനകം തൊഴിലുടമയുമായി ബന്ധപ്പെട്ട് നിശ്ചിത പണമടച്ച് അബ്ശിർ അല്ലെങ്കിൽ മുഖീം സിസ്റ്റങ്ങൾ വഴി പുതുക്കേണ്ടതാണെന്നും ജവാസാത്ത് പറഞ്ഞു. ജനുവരി 31 വരെയുള്ള ആനുകൂല്യം ഈ രാജ്യക്കാർക്ക് ലഭിച്ചിരുന്നു. എന്നാൽ റീ എൻട്രി  കാലാവധി അവസാനിച്ച് മാസങ്ങളോളം നാട്ടിൽ നിന്നവർക്ക് ഓൺലൈൻ ആയി പുതുക്കാനുള്ള സൗകര്യം ലഭിക്കില്ല. അവർ തൊഴിലുടമയുമായി ബന്ധപ്പെട്ട് ജവാസാത്തിൽ നിന്ന് റീ എൻട്രി പുതുക്കാനുള്ള രേഖകൾ സംഘടിപ്പിച്ച് ഇന്ത്യയിലെ സൗദി കോൺസുലേറ്റിൽ നിന്ന് റീ എൻട്രി പുതുക്കി സ്റ്റാമ്പ് ചെയ്താണ് സൗദിയിൽ വരേണ്ടത്. കാലാവധി കഴിഞ്ഞ ശേഷമുള്ള ഓരോ മാസത്തിനും 100 റിയാൽ വീതം പിഴയടക്കണം. റീ എൻട്രി കാലാവധി അവസാനിച്ച് സൗദിയിലേക്ക് വരാതിരുന്നാൽ മൂന്നുവർഷത്തേക്ക് മറ്റൊരു തൊഴിലുടമയുടെ വിസയിൽ വരാനുമാകില്ല.   
അതേസമയം നേരത്തെ പ്രവേശനവിലക്ക് നീക്കിയ ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർ സൗദിയിൽ നിന്ന് രണ്ടുവാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. ബൂസ്റ്ററടക്കം ഏതെങ്കിലും ഒരു ഡോസ് വാക്‌സിൻ എടുത്ത് അവധിയിൽ പോയി തിരിച്ചുവരുന്നവർക്ക് മൂന്നു ദിവസം ഹോട്ടൽ ക്വാറന്റൈനാനുള്ളത്. ഇന്ത്യയിൽ നിന്ന് രണ്ടു വാക്‌സിനും സൗദിയിൽ നിന്ന് ബൂസ്റ്ററും എടുത്തവർ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസിലാണെങ്കിലും നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ മൂന്നു ദിവസം ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്. അവരെ സൗദിയിൽ നിന്ന് ഒരു വാക്‌സിൻ സ്വീകരിച്ച ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്. വാക്‌സിനെടുത്ത് ഇമ്യൂൺ ആയവരുടെ കൂടെ സൗദിയിലെത്തുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റൈൻ മതി. അവരിൽ എട്ട് വയസ്സിന് മുകളിലുള്ള എല്ലാവരും അഞ്ചാം ദിവസം കോവിഡ് പരിശോധന നടത്തണം. എന്നാൽ മാത്രമേ തവക്കൽനായിലെ സ്റ്റാറ്റസ് പച്ചയാവുകയുളളൂ. സൗദിയിൽ നിന്ന് രണ്ട് വാക്‌സിനെടുത്തവരുടെ കൂടെയെത്തുന്ന വിദേശത്ത് നിന്ന് രണ്ട് വാക്‌സിനെടുത്ത ആശ്രിതർക്കും അഞ്ച് ദിവസ ഹോട്ടൽ ക്വാറന്റൈൻ വേണെന്നും ജവാസാത്ത് വ്യക്തമാക്കി.


 

Latest News