'ഇപ്പോള്‍ ഒരു മാഹാരാജാവുണ്ട്', കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍

ന്യൂദല്‍ഹി- 1947ല്‍ കോണ്‍ഗ്രസ് എടുത്തുകളഞ്ഞ രാജഭരണം ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും ഇപ്പോള്‍ ഒരു 'മഹാരാജാവ്' ഉണ്ടെന്നും  കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാജ്യവും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ എല്ലാ ഉപാധികളേയും ഒരു ആശയക്കാര്‍ ആക്രമിക്കുകയാണ്. കര്‍ഷകര്‍ ഒരു വര്‍ഷം സമരം ചെയ്തിട്ടും രാജാവ് കേട്ടില്ല. ഭരണഘടനയില്‍ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂനിയന്‍ ആയിട്ടാണ് വിശേഷിപ്പിക്കുന്നത്, ഒറ്റ രാഷ്ട്രമായിട്ടല്ല. അധികാരം ഒരിടത്ത് കേന്ദ്രീകരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിളേയും ജനങ്ങളെ ഭരിക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും രാഹുല്‍ ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെ പറഞ്ഞു. 

അതി സന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഇന്ത്യയുമായി രാജ്യം ഭിന്നിക്കപ്പെട്ടിരിക്കുകയാണ്. ഈ വിടവ് അതിവേഗം വലുതായി വരുന്നു. ഇന്ത്യയിലെ 100 അതി സമ്പന്നര്‍ക്ക് 55 കോടി ജനങ്ങളുടെ പക്കലുള്ള സമ്പത്തിലേക്കാള്‍ കൂടുതലുണ്ട്. ഈ രണ്ട് ഇന്ത്യയേയും എത്രയും വേഗം ഒന്നിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രധാമന്ത്രി ഉടന്‍ തുടങ്ങണം. താങ്കളെ ടിവിയിലും വാട്‌സാപ്പിലും ഇടുന്ന ഏതാനും പേര്‍ക്കു മാത്രമായി താങ്കള്‍ എല്ലാ നല്‍കുകയാണ്- രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു കുട്ടിക്കു പോലും തൊഴില്‍ ലഭിക്കരുതെന്ന് അവര്‍ ഉറപ്പാക്കുന്നു. റിപബ്ലിക് ദിനത്തില്‍ ഒരു അതിഥിയെ ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ. രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ വലിയ ആശങ്കയുണ്ട്. നിങ്ങള്‍ രാജ്യത്തേയും ജനങ്ങളേയും അപകടത്തിലാക്കുകയാണ്. ചൈനയേയും പാക്കിസ്ഥാനേയും അടുപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ജമ്മു കശ്മീരില്‍ വലിയൊരു അബദ്ധം പറ്റി- രാഹുല്‍ പറഞ്ഞു. കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും പെഗസസുമെല്ലാം സംസ്ഥാനങ്ങളുടെ കൂട്ടായ്മയെ തകര്‍ക്കാനുള്ള ഉപകരണങ്ങളായി മാറിയിരിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

Latest News