കോഴിക്കോട് - മുസ്‌ലിം ലീഗ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി പുനസ്സംഘടിപ്പിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എം.പി ബഷീര്‍ (പ്രസിഡന്റ്), സജീര്‍ കൊമ്മേരി (ജനറല്‍ സെക്രട്ടറി), കൊയപ്പത്തൊടി മുഹമ്മദലി ഹാജി പന്നിയങ്കര (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെയാണ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൗത്ത് മണ്ഡലം കമ്മിറ്റിയെ ജനുവരി 10ന് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി പിരിച്ചുവിട്ടിരുന്നു.
സൗത്ത് മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനുണ്ടായത് അപമാനകരമായ
പരാജയമാണെന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും വിലയിരുത്തിയാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നത്.
പുതിയ കമ്മിറ്റിയില്‍ കെ.ടി അബൂബക്കര്‍ കോയ കിണാശ്ശേരി, കെ.എം റഷീദ് പയ്യാനക്കല്‍, അസ്ലം കെ. ഇടിയങ്ങര (വൈസ് പ്രസിഡന്റുമാര്‍), പി.ടി ലത്തീഫ് കുറ്റിച്ചിറ, കെ.എം മുഹമ്മദ് അഷ്റഫ് പട്ടുതെരുവ്, പി.വി ഇസ്ഹാഖ് മുഖദാര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനറായിരുന്ന ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ കോയക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും മറുപടിക്ക് അനുസൃതമായി തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.






