Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധുവിന്റെ ബന്ധുക്കളെ കാണാന്‍ മമ്മൂട്ടിയുടെ അഭിഭാഷകനെത്തി

പാലക്കാട്- അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ നടന്‍ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ അട്ടപ്പാടിയിലെത്തി കുടുംബവുമായി ചര്‍ച്ച നടത്തി. ഹൈക്കോടതി അഭിഭാഷകന്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അട്ടപ്പാടി ചിണ്ടക്കി ഊരിലെത്തി മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരെ കണ്ടത്. കൊലക്കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെക്കുറിച്ചും പ്രതികളില്‍നിന്ന് നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ഇരുവരും കരഞ്ഞു കൊണ്ടാണ് സംഘത്തോട് പറഞ്ഞത്. കേസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളെ സംഘടിതമായി വേട്ടയാടുകയാണ് എന്നും പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് പ്രചരിപ്പിക്കുകയാണ് എന്നും സരസു അഭിഭാഷകനോട് പറഞ്ഞു. ലോക്കല്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും സരസു സന്ദര്‍ശകരെ അറിയിച്ചു.
എല്ലാ വിധത്തിലുള്ള നിയമസഹായവും മമ്മൂട്ടി നല്‍കുമെന്ന് അഭിഭാഷകന്‍ മധുവിന്റെ കുടുംബത്തോട് പറഞ്ഞു. എന്നാല്‍ കേസ് നടത്തുക സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെയാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന്റെ ഭാഗമായി കുടുംബത്തിനാവശ്യമായ മറ്റ് നിയമസഹായങ്ങളാണ് മമ്മൂട്ടി നല്‍കുക. സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യമെങ്കില്‍ അക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് അഭിഭാഷകന്‍ മധുവിന്റെ ബന്ധുക്കളോട് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറുടെ നിസ്സഹകരണംമൂലം മധു വധക്കേസിലെ വിചാരണ നീണ്ടുപോകുന്നതായുള്ള വാര്‍ത്ത അറിഞ്ഞാണ് മമ്മൂട്ടി വിഷയത്തില്‍ ഇടപെട്ടത്. കുടുംബത്തിനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പി.ആര്‍.ഒ റോബര്‍ട്ട് മധുവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയതിനു ശേഷമാണ് അഡ്വ.നന്ദകുമാറിനെ അട്ടപ്പാടിയിലേക്ക് അയച്ചത്. സംസ്ഥാന നിയമമന്ത്രി പി.രാജീവുമായും മമ്മൂട്ടി വിഷയം ചര്‍ച്ച ചെയ്തിരുന്നു.
മണ്ണാര്‍ക്കാട് കോടതിയില്‍ മധു വധക്കേസ് വിചാരണക്കെത്തിയപ്പോള്‍ രണ്ടു തവണ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ കേസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. കോടതി ഇതിനെതിരേ ശക്തമായ വിമര്‍ശവും ഉയര്‍ത്തി. മാര്‍ച്ച് 26നാണ് ഇനി കേസ് പരിഗണിക്കുക. ആരോഗ്യപരമായ കാരണങ്ങളാല്‍ കേസ് നടത്താനാവില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞുവെന്നും കേസിന്റെ ചുമതലയുണ്ടായിരുന്ന അഡ്വ. വി.ടി. രഘുനാഥ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ആരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കേണ്ടത് എന്ന കാര്യം തീരുമാനിക്കുന്നതിന് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മധുവിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ കുടുംബം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്നത്. മാനസിക പ്രശ്‌നങ്ങളുള്ളയാളായിരുന്നു മധു. കേസില്‍ 16 പ്രതികളാണ് നിലവില്‍ ഉള്ളത്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുമാണ് മധുവിന്റെ കുടുംബത്തിന്റെ പരാതി.

 

 

Latest News