തൃശൂര്‍- ബസ് യാത്രക്കിടെ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിച്ച് യുവതി. തൃശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍വെച്ചാണ് മോഷണം നടന്നത്. പ്രതിയായ യുവതിയെ കണ്ടെത്താനായി ബസില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശൂര്‍ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
യാത്രക്കാരിയുടെ പിന്നില്‍നില്‍ക്കുന്ന യുവതി ഷാള്‍ കൊണ്ട് ബാഗ് മറച്ചശേഷം ബാഗില്‍നിന്ന് അതിവിദഗ്ധമായി പഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ബസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. പഴ്സ് നഷ്ടപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞില്ല. പിന്നീട് മോഷണം നടന്നതായി മനസിലായപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.