ദിലീപിന്റെ ഫോണുകള്‍ കോടതിയില്‍ തുറക്കുന്നതിനെതിരേ പ്രതിഭാഗം

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ തുറക്കുന്നതിനെതിരേ പ്രതിഭാഗം. ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നും ഫോണുകളില്‍ കൃത്രിമത്വം നടത്താനാണ് അന്വേഷണസംഘത്തിന്റെ ഉദ്ദേശ്യമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ അഞ്ചോ പത്തോ മിനിറ്റ് ഫോണുകള്‍ തുറന്നുവെക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് വ്യാഴാഴ്ച രാവിലെ വീണ്ടും പരിഗണിക്കുമെന്നും ആലുവ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഫോണുകള്‍ തുറക്കാനുള്ള ലോക്ക് പാറ്റേണുകളും പ്രതിഭാഗം കൈമാറിയിരുന്നു. തുടര്‍ന്നാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

 

Latest News