തിരുവനന്തപുരം- കെ റെയില്‍ പദ്ധതി പുനപ്പരിശോധിക്കണമെന്നും വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലായേക്കാമെന്നുമുള്ള ശശി തരൂരിന്റെ ട്വീറ്റിന് സില്‍വര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയ അലോക് വര്‍മയുടെ മറുപടി.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികള്‍ കെ-റെയിലിന് ബദലാകിലെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗമേ ഉണ്ടാകൂ. നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം - കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗമേ സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം - കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗത്തിലേ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി 30 ശതമാനം അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ മാത്രം ഇത് 200 കിലോമീറ്റര്‍ വേഗത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. പക്ഷേ അതിനായി 25000 കോടി രൂപ ചെലവൊഴിച്ച് ഈ പാതയില്‍ നവീകരണം നടത്തണം. ഇത്തരത്തില്‍ പാത നവീകരിച്ചാല്‍ മാത്രമേ വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ ഓടിക്കാന്‍ സാധിക്കൂവെന്ന് അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് ട്രെയിന്‍ നിലവിലെ പാതയില്‍ ഓടിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അലൈന്‍മെന്റില്‍ 30 ശതമാനം മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്രയും വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കൂ. ഇതേകാര്യം തന്നെ കെ-റെയില്‍ വൃത്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്ത് രണ്ട് റൂട്ടുകളിലാണ് ഓടുന്നത്. ന്യൂദല്‍ഹി-വാരണാസി, ന്യൂദല്‍ഹി- ഘട്ടാര റൂട്ടുകളില്‍. ഈ രണ്ട് റൂട്ടുകളിലും പരമാവധി 160 കിലോ മീറ്ററാണ് വേഗം. ചില സ്ഥലങ്ങളില്‍ 130 കിലോ മീറ്റര്‍ വേഗം മാത്രമേ സാധ്യമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ സില്‍വര്‍ ലൈനിന് ബദല്‍ അല്ലെന്ന വാദമാണ് കെ റെയിലും ഉയര്‍ത്തുന്നത്.