ഷില്ലോംഗ്- മേഘാലയയില്‍ തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്. ശനിയാഴ്ച രാത്രി വൈകിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്.
60 അംഗ നിയമസഭയില്‍ 21 അംഗങ്ങളാണ് കോണ്‍ഗ്രസിനുളളത്. വലിയ ഒറ്റക്കക്ഷിയാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിക്ക് ഇനിയും 10 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.
അതേസമയം രണ്ട് സീറ്റില്‍ വിജയിച്ച ബി.ജെ.പി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 19 സീറ്റാണ് ഇവര്‍ക്കുളളത്. ബി.ജെ.പിയുടെ രണ്ട് സീറ്റ് കൂടിയാകുമ്പോള്‍ സഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇവര്‍ക്കും 10 എം.എല്‍.എമാരെ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാം.
ചെറുകക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയുടെ നിലപാട് സംസ്ഥാനത്ത് നിര്‍ണായകമാകും.