ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ കടങ്ങള്‍ തീര്‍ക്കാന്‍ ബജറ്റില്‍ 51,971 കോടി രൂപ നീക്കിവെച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതോടെ മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ പൊതുമേഖലാ വില്‍പന നടപടി പൂര്‍ത്തിയായി.
പുതിയ പൊതുമേഖലാ സംരംഭ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശത്തിന്റെ തന്ത്രപരമായ കൈമാറ്റം പൂര്‍ത്തിയായതായി കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 2022-23 ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു. എന്‍ഐഎന്‍എല്ലിന്റെ (നീലാഞ്ചല്‍ ഇസ്പത് നിഗം ലിമിറ്റഡ്) തന്ത്രപ്രധാന പങ്കാളിയെ തെരഞ്ഞെടുത്തതായും അവര്‍ പറഞ്ഞു. കൂടാതെ, എല്‍ഐസിയുടെ പൊതു ഓഹരി വിറ്റഴിക്കല്‍ ഉടന്‍ പ്രതീക്ഷിക്കുന്നു. മറ്റുള്ളവയുടെയും 2022-23 ല്‍ പുരോഗമിക്കും.
നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റും നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സീതാരാമന്‍ പറഞ്ഞു.






