യുപിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ കനയ്യക്കു നേരെ മഷിയേറ്

ലഖ്‌നൗ- സിപിഐ വിട്ട് മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനു നേരെ ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ മഷിയേറ്. ഇത് മഷി അല്ലെന്നും ആസിഡ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഉന്നം തെറ്റിയതിനാല്‍ കനയ്യയുടെ മേല്‍ പതിച്ചില്ല. അക്രമി എറിഞ്ഞ മഷി തൊട്ടടുത്ത നില്‍ക്കുകയായിരുന്ന ഏതാനും യുവാക്കള്‍ക്കുമേലാണ് വീണത്. പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അക്രമിയെ പിടികൂടി. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 

ലഖ്‌നൗവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതാണ് കനയ്യ. ഹാഥ്‌റസ്, ഉന്നാവ്, ലഖിംപൂര്‍ ഖേരി സംഭവങ്ങള്‍ തൊട്ട് കോണ്‍ഗ്രസ് നീതി തേടി തെരുവിലുണ്ടെന്ന് കനയ്യ പറഞ്ഞു. രാജ്യനിര്‍മാണത്തില്‍ പങ്കില്ലാത്തവര്‍ രാജ്യത്തെ വിറ്റഴിക്കുകയാണ്. കോണ്‍ഗ്രസാണ് ഇന്ത്യയെ നിര്‍മിച്ചത്. കോണ്‍ഗ്രസാണ് രാജ്യത്തെ ഇത്തരം ആളുകളില്‍ നിന്ന് രക്ഷിക്കുന്നതെന്നും കനയ്യ പറഞ്ഞു.

2018ല്‍ കനയ്യയ്ക്കും ഗുജറാത്ത് എംഎല്‍എയായ ജിഗ്നേഷ് മേവാനിക്കുമെതിരെ ഗ്വാളിയോറില്‍ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മുകേഷ് പാല്‍ മഷിയേറ് നടത്തിയിരുന്നു.
 

Latest News