Sorry, you need to enable JavaScript to visit this website.

ബജറ്റില്‍ എല്ലാവര്‍ക്കും 5ജി, സര്‍ക്കാരിന്റെ സ്വന്തം ബിഎസ്എന്‍എല്ലിനു മാത്രം 4ജി

ന്യൂദല്‍ഹി- ഒരു വര്‍ഷത്തിനകം ഇന്ത്യയില്‍ 5ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പക്ഷെ സര്‍ക്കാരിന്റെ സ്വന്തം ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് 4ജി മാത്രം. സ്വകാര്യ ടെലികോം കമ്പനികള്‍ ഏതാനും വര്‍ഷങ്ങളായി 4ജി സേവനം നല്‍കി വരുന്നുണ്ടെങ്കിലും ബിഎസ്എന്‍എലിന് ഇപ്പോഴും ഇന്ത്യയിലുടനീളം 4ജി സേവനം നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. നിലവില്‍ പരിമിത സേവനം മാത്രമെയുള്ളൂ. സ്വകാര്യ ടെലികോ കമ്പനികളാകട്ടെ 5ജി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിക്കുന്ന മുറയ്ക്ക് സേവനം നല്‍കിത്തുടങ്ങാനായി കാത്തിരിക്കുകയാണ്. 

അടുത്ത സാമ്പത്തിക വര്‍ഷം 44,720 കോടി രൂപയാണ് പുതിയ ബജറ്റില്‍ ബിഎസ്എന്‍എല്ലിന് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. മൂലധന ആവശ്യങ്ങള്‍ക്കും ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യുന്നതിനും കമ്പനിയുടെ പുനര്‍രൂപീകരണത്തിനുമാണ് ഈ തുക ചെലവിടുകയെന്ന് ബജറ്റ് രേഖകള്‍ പറയുന്നു. കമ്പനിയെ വില്‍ക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കാണിത്. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതിക്കായി 7,443.57 കോടി രൂപയും ജിഎസ്ടി സഹായ ഗ്രാന്റായി 3550 കോടി രൂപയും ഇതിലുള്‍പ്പെടും. 4ജി സ്‌പെക്ട്രം വാങ്ങുന്നതിനുള്ള ജിഎസ്ടി നല്‍കാനാണ് ഈ ഗ്രാന്റ്. 

ഇന്ത്യയില്‍ 5ജി സേവനം എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ വര്‍ഷമാണ് ബിഎസ്എന്‍എന്‍ രാജ്യത്ത് ഉടനീള 4ജി സേവനം ലഭ്യമാക്കാന്‍ പദ്ധതിയിടുന്നത്. 2022 സെപ്തംബറോടെ ഇത് നടക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്ലിന്റെ സേവനം വരുന്നത്. ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി ഒഴിവാക്കിയാണ് ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിക്കുന്നത്. എന്നാല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നുമില്ല. ഇതാണ് പദ്ധതി വൈകാന്‍ കാരണങ്ങളിലൊന്ന്. തദ്ദേശീയമായി ഇന്ത്യയില്‍ വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയുടെ പരീക്ഷണം ബിഎസ്എന്‍എല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചണ്ഡീഗഢില്‍ നടത്തിയിരുന്നു.

Latest News