ജിദ്ദയിൽ പൊളിച്ചുനീക്കിയ പ്രദേശങ്ങളിലെ സ്വദേശികൾക്ക് തൊഴിൽ

ജിദ്ദ - ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ പൊളിച്ചുനീക്കിയ പ്രദേശങ്ങളിലെ താമസക്കാരായ സൗദി കുടുംബങ്ങളിലെ അംഗങ്ങൾക്ക് മക്ക പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ തുടങ്ങിയതായി ജിദ്ദ ചേരിവികസന സമിതി അറിയിച്ചു. ജിദ്ദയിൽ ചേരിവികസന പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ നിവാസികളായ, സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ സ്വദേശി കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് പ്രത്യേകം ഉന്നമിട്ട ശാക്തീകരണ പദ്ധതി വഴി തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത്. മക്ക പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുമായി മന്ത്രാലയ ശാഖ ആശയവിനിമയങ്ങൾ നടത്തും. 
ചേരിവികസന പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന പ്രദേശങ്ങളിലെ സ്വദേശി കുടുംബങ്ങൾക്ക് സൗജന്യ താമസം അടക്കം നിരവധി സേവനങ്ങൾ സർക്കാർ നൽകുന്നുണ്ട്. മൂന്നു വിഭാഗങ്ങൾക്കാണ് താമസസൗകര്യം ഏർപ്പാടാക്കി നൽകുന്നത്. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് സൗജന്യ താമസ സൗകര്യം നൽകും. വീടുകൾ പൊളിച്ചുനീക്കപ്പെട്ട 550 ലേറെ കുടുംബങ്ങൾക്ക് ഇതിനകം സൗജന്യ താമസസൗകര്യം ഏർപ്പാടാക്കി നൽകി. ചേരിവികസന സമിതിക്ക് പ്രത്യേകം അപേക്ഷ നൽകുന്നവർക്കാണ് ഇങ്ങിനെ സൗജന്യ താമസസൗകര്യം നൽകുന്നത്. ഡെവലപ്‌മെന്റൽ ഹൗസിംഗ് യൂനിറ്റുകളിലേക്ക് മാറ്റുന്നതു വരെയാണ് ഇവർക്ക് സൗജന്യ താമസം നൽകുന്നത്. ഡെവലപ്‌മെന്റൽ ഹൗസിംഗ് യൂനിറ്റ് പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ 4,781 പാർപ്പിട യൂനിറ്റുകളാണ് നിർമിക്കുന്നത്. ഇവ ഈ വർഷാവസാനത്തോടെ താമസക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമാകും.
 

Latest News