Sorry, you need to enable JavaScript to visit this website.

അനുജന്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ വിദേശ യാത്ര തടഞ്ഞു; എന്‍ജിനീയര്‍ ഹൈക്കോടതിയില്‍

ബെംഗളൂരു- അനുജന്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ തന്റെ വിദേശ യാത്ര തടഞ്ഞുവെന്ന് ആരോപിച്ച് മൂത്ത സഹോദരന്‍ കൊടതിയില്‍. കര്‍ണാടക സര്‍ക്കാരിന്റെ ഇ-പ്രക്യുര്‍മെന്റ് പോര്‍ട്ടല്‍ ഹാക്ക് ചെയ്ത് 11.5 കോടി രൂപ തട്ടിയ കേസിലെ പ്രതിയുടെ സഹോദരനാണ് ഇമിഗ്രേഷന്‍ അധികൃതരുടെ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

നെതര്‍ലാന്‍ഡ്‌സില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന തന്നെ മടങ്ങിപ്പോകാന്‍ അനുവദിക്കുന്നില്ലെന്നും ജനുവരി 13 ന് ഇമിഗ്രേഷന്‍ അധികൃതര്‍ സ്വീകരിച്ച നടപടി റദ്ദാക്കണമെന്നുമാണ് ആവശ്യം.

ഓണ്‍ലൈന്‍ ഗെയിം സൈറ്റുകളും ബിറ്റ് കോയിന്‍ എക്‌സ്‌ചേഞ്ചുകളും ഹാക്ക് ചെയ്തുവെന്ന ആരോപണം നേരിടുന്ന ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയുടെ (26) സഹോദരന്‍ സുദര്‍ശന്‍ രമേശിനെ ജനുവരി 13 ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തടയുകയായിരുന്നു. എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

ഇളയ സഹോദരന്‍ ഉള്‍പ്പെട്ട കുറ്റകൃത്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി തന്നെ പലതവണ ചോദ്യം ചെയ്തുവെന്നും സഹോദരന്‍ ചെയ്ത കാര്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും സുദര്‍ശന്‍ രമേശ് ഫയല്‍ ചെയ്ത ഹരജിയില്‍ പറയുന്നു.

 

Latest News