കര്‍ണാടകയില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടിലെത്തി കണ്ടു; മറുകണ്ടം ചാടുമോ? അഭ്യൂഹം ശക്തം

ബെംഗളുരു- കര്‍ണാടകയിലെ ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായ ആനന്ദ് സിങ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ബിജെപി സര്‍ക്കാരില്‍ ഈയിടെ ഉണ്ടായ മാറ്റങ്ങളില്‍ അതൃപ്തനായ മന്ത്രി മറുകണ്ടം ചാടിയേക്കുമെന്ന അഭ്യൂഹമുയര്‍ത്തിയിരിക്കുകയാണ് ഈ കൂടിക്കാഴ്ച. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് മന്ത്രി ആനന്ദ് സിങ്. അതേസമയം ഇത് സൗഹൃദ സന്ദര്‍ശനമായിരുന്നെന്നും വീട്ടിലേക്ക് വന്നതില്‍ രാഷ്ട്രീയമില്ലെന്നും ശിവകുമാര്‍ പ്രതികരിച്ചു. മറ്റു കാര്യങ്ങള്‍ സംസാരിക്കാനാണ് മന്ത്രി വന്നത്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്കോ റിസോട്ടിലേക്കോ പോകുമായിരുന്നു. തന്റേയും സഹോദരന്റേയും മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് ബാംഗ്ലൂര്‍ റൂറല്‍ എംഎല്‍എയാണ്.

മന്ത്രിമാരുടെ അവരുടെ സ്വന്തം ജില്ലകളുടെ ചുമതലകളില്‍ നിന്ന് മാറ്റി രാഷ്ട്രീയ പിന്തുണ കുറഞ്ഞ ജില്ലകളുടെ ചുമതല ഏല്‍പ്പിച്ചതിനു പിന്നാലെയാണ് മന്ത്രി ആനന്ദ് സിങ് കോണ്‍ഗ്രസ് അധ്യക്ഷനെ പോയി കണ്ടത്. പുതുതായി രൂപീകരിച്ച വിജയനഗര ജില്ലയുടെ ചുമതലയായിരുന്നു അനന്ദ് സിങിനുണ്ടായിരുന്നത്. ഇതു മാറ്റി കൊപ്പല്‍ മേഖലുടെ ചുമതലാണ് നല്‍കിയത്. ഈ മാറ്റത്തിനെതിരെ ആനന്ദ് സിങിന്റെ അനുകൂലികള്‍ വിജയനഗര ജില്ലാ ആസ്ഥാനമായ ഹോസ്‌പേട്ടില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബിജെപിയുടെ പുതിയ നയത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുള്ളതായി റിപോര്‍ട്ടുണ്ട്. 

2019ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വീഴ്ചയിലേക്ക് നയിച്ച രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്നു ആനന്ദ് സിങ്. നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വനം വകുപ്പ് തന്നില്‍ നിന്ന് എടുത്തു മാറ്റിയതിലും ആനന്ദ് സിങിന് അതൃപ്തിയുണ്ടായിരുന്നു. സര്‍ക്കാരിലെ പുതിയ മാറ്റങ്ങള്‍ ബിജെപിക്കുള്ളില്‍ ഉള്‍പ്പോര് ശക്തമാക്കിയിരിക്കുകയാണ്. മന്ത്രിസഭാ വികസനം നടക്കാനിരിക്കെ വരുംനാളുകളില്‍ പൊട്ടലും ചീറ്റലും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Latest News