Sorry, you need to enable JavaScript to visit this website.

ലോകായുക്തയും ജനാധിപത്യത്തിന്റെ വികാസവും

തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയ പാർട്ടികളെല്ലാം സുതാര്യമാകുക, പാർട്ടികൾ ജനപ്രതിനിധികളെ നിശ്ചയിക്കുമ്പോൾ തന്നെ ജനാഭിപ്രായം തേടുക  തുടങ്ങി നിരവധി നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. ജനാധിപത്യത്തിലെ യഥാർത്ഥ അധികാര കേന്ദ്രം പാർട്ടികളായതിനാൽ അവയുടെ നേതൃത്വങ്ങളെ നിർദേശിക്കുന്നതിലും ജനങ്ങൾക്ക് പങ്കുണ്ടാകുന്ന രീതിയിലാണ് ജനാധിപത്യം വികസിക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഞങ്ങളുടെ പാർട്ടിയുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന അഹങ്കാരത്തിന്റെ സ്വരമാണ് എങ്ങും കേൾക്കുന്നത്.

ലോകായുക്തയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. പന്ത് ഇപ്പോൾ ഗവർണറുടെ കോർട്ടിലാണ്. കുറച്ചുകാലമായി സർക്കാരുമായി നീരസത്തിലുള്ള ഗവർണർ പെട്ടെന്ന് ഓർഡിനൻസിൽ ഒപ്പിടാനിടയില്ല. അതിനുള്ളിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ പരാതികൾ ലോകായുക്ത പരിശോധിക്കുമോ എന്ന ആശങ്കയിലാണ് സർക്കാർ. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ മാത്രമല്ല, സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധവും ഈ വിഷയത്തോടെ വഷളായിരിക്കുകയാണ്. അതേസമയം ലോകായുക്തയടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ടു വെക്കുന്ന ജനാധിപത്യത്തിന്റെ നവീകരണം മുന്നോട്ടു കൊണ്ടുപോകുക എന്ന ലക്ഷ്യത്തിലേക്ക് ചർച്ചകൾ മുന്നോട്ടു പോകുന്നില്ല എന്നു പറയാതിരിക്കാനാവില്ല. മറിച്ച് പതിവുപോലെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എല്ലാവരും. 

1998 നവംബർ 15 ന്  രൂപംകൊണ്ട അഴിമതി നിർമാർജന സംവിധാനമാണ് ലോക് ആയുക്ത. പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളുടെ നിർദേശങ്ങൾ സമർപ്പിച്ചത.്  1971 ൽ മഹാരാഷ്ട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവർ  നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താൽപര്യത്തോടെയുള്ള നടപടികൾ, മനഃപൂർവം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം. മുഖ്യമന്ത്രിമാരും മന്ത്രിമാരും മുൻമന്ത്രിമാരും എം.എൽ.എമാരും  സർക്കാർ ജീവനക്കാരും  തദ്ദേക ഭരണസ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികളും തൊഴിലാളി യൂനിയൻ ഭാരവാഹികളും രാഷ്ട്രീയ സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികളും സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  സർവകലാശാലകൾ,  പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ എന്നിവരെല്ലാം ഇതിന്റെ പരിധിയിൽ വരും. ആ അർത്ഥത്തിൽ അതിശക്തമായ ഒന്നാണ് ലോകായുക്ത. അതിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ജനാധിപത്യ വിശ്വാസികൾക്കുള്ളത്. അത്തരമൊരു സാഹചര്യത്തിലാണ് ലോകായുക്തയുടെ അന്തഃസത്ത ചോർന്നുപോകുന്ന നീക്കങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. അതിനെതിരായ പോരാട്ടം അതിനാൽ തന്നെ ഓരോ ജനാധിപത്യവാദിയുടെയും രാഷ്ട്രീയ കടമയാണ്. 

ലോകത്ത് ഒരേ ഒരു വ്യക്തി മാത്രമേയുള്ളൂ എങ്കിൽ ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ല. എന്നാൽ രണ്ടുപേരായാൽ പോലും സാമൂഹ്യ നിയന്ത്രണം ആവശ്യമായി വരുന്നു. അതിനായി ഒരു ഭരണകൂടവും ആവശ്യമാകുന്നു. അങ്ങനെയായിരിക്കണം ചരിത്രത്തിൽ ഭരണകൂടങ്ങൾ രൂപം കൊണ്ടത്. തീർച്ചയായും ശക്തിയുള്ളവരായിരിക്കുമല്ലോ ആദ്യ ഭരണാധികാരികളായത്. പിന്നീട് സമ്പത്തും അധികാരവും അവരിൽ കേന്ദ്രീകരിക്കുന്നു. കുടുംബപരമായ തുടർച്ചയും അതിനുണ്ടാകുന്നു. അടിമത്തവും ജന്മിത്തവും രാജഭരണമൊക്കെയായി കാലക്രമേണ അത് പരിവർത്തനം ചെയ്യുന്നു. അതിലൊന്നും പക്ഷേ തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സാമാന്യ ജനങ്ങൾക്കുണ്ടായിരുന്നില്ല. അവർ കേവലം അടിമകളും പ്രജകളുമൊക്കെയായിരുന്നു. അതേസമയം മാർക്സും മറ്റും ചൂണ്ടിക്കാട്ടിയ പോലെ ഓരോ വ്യവസ്ഥയിലും അതിനെ തകർക്കാനുള്ള ബീജങ്ങൾ അതിനുള്ളിൽ തന്നെ രൂപപ്പെട്ടിരുന്നു. അത് ശക്തമാകുകയും ആന്തരിക സംഘർഷങ്ങൾ അവസാനം പൊട്ടിത്തെറിച്ച് ഓരോ വ്യവസ്ഥയുടെയും തകർച്ചക്കും പുതിയതിന്റെ ആവിർഭാവത്തിനും വഴി തെളിയിച്ചിരുന്നു. അങ്ങനെയാണ് മുതലാളിത്ത സാമ്പത്തിക വ്യവസഥക്കൊപ്പം ജനാധിപത്യമെന്ന സംവിധാനവും ഉടലെടുത്തത്.

ലോകം ഇന്നോളം പരീക്ഷിച്ച ഏറ്റവും ഭേദപ്പെട്ട ഭരണസംവിധാനം ജനാധിപത്യമല്ലാതെ മറ്റൊന്നല്ല. മുകളിൽ സൂചിപ്പിച്ച പോലെ ഔപചാരികമായിട്ടാണെങ്കിലും സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ അതെല്ലാവർക്കും അവസരം നൽകുന്നു എന്നതു മാത്രമല്ല, ആർക്കും ഭരണാധികാരിയാകാൻ അവസരം നൽകുകയും ചെയ്യുന്നു എന്നതാണതിനു കാരണം. അതായത് പ്രജയിൽ നിന്നു പൗരനിലേക്കുള്ള മാറ്റം. ഏതൊരു പൗരനും ഭരണാധികാരിയാകാനുള്ള സാധ്യത. ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവം അതാണ്. എന്നാൽ ഒരുപാട് പരിമിതികൾ ജനാധിപത്യത്തിനുമുണ്ട്. ജനാധിപത്യമാണെന്നു പറയുമ്പോഴും പാർട്ടിയുടെയോ വ്യക്തിയുടെയോ സമഗ്രാധിപത്യത്തിലേക്ക് വഴുതിവിഴാനുള്ള സാധ്യതയാണ് ഒന്ന്. രാഷ്ട്രീയ പ്രവർത്തകരുടെയും ഉദ്യാഗസ്ഥരുടെയും അഴിമതിയാണ് മറ്റൊന്ന്. സുതാര്യതയില്ലായ്മയാണ് മറ്റൊന്ന്. ജനാധിപത്യ ബോധത്തെ പോലും മറികടക്കുന്ന മത - വർഗീയ ചിന്തകൾ മറ്റൊന്ന്.  ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികളാണ് ഇന്നു ജനാധിപത്യം നേരിടുന്നത്. അതിനെയെല്ലാം മറികടക്കുന്ന നീക്കങ്ങൾ ഈ സംവിധാനത്തിനകത്തു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള നിരവധി നീക്കങ്ങൾ ലോകമാകെ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ ലോക്പാലും ലോകായുക്തയുമൊക്കെ. അതായത് ജനാധിപത്യത്തെ സംരക്ഷിക്കുകയും കൂടുതൽ കരുത്തുള്ളതാക്കുകയും ചെയ്യുന്ന നിരവധി നടപടികളിൽ ഒന്നാണ് ലോകായുക്ത. ജനപ്രതിനിധികളാണ് രാജ്യം ഭരിക്കുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ ജനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും അതിനിടയിലും അഴിമതിക്കും അധികാര ദുർവിനിയോഗത്തിനുമുള്ള സാധ്യതകൾ നിരവധിയാണ്. ജനാധിപത്യത്തിന്റെ പൊതുവിലുള്ള അപചയവും അമിതമായ കക്ഷിരാഷ്ട്രീയവൽക്കരണവുമൊക്കെ മൂലം അഴിമതി ആരോപിതർ പോലും തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരുന്ന സാഹചര്യവും നിലവിലുണ്ട്. അതുകൂടിയാണ് ലോകായുക്തയെ കൂടുതൽ പ്രസക്തമാക്കുന്നത്. അതിൽ അപ്പീൽ സാധ്യതയില്ലെങ്കിൽ ഉണ്ടാക്കുന്നതിൽ തെറ്റില്ല. എന്നാൽ ലോകായുക്ത റിപ്പോർട്ട് തള്ളാനും കൊള്ളാനുമുള്ള അധികാരം മന്ത്രിസഭക്കു കൊടുക്കുകയെന്നാൽ അതിനർത്ഥം കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കലാണ്. എങ്കിൽ ലോകായുക്ത തന്നെ എന്തിനാണ്? ലോകായുക്തയെ അട്ടിമറിക്കാനുള്ള നീക്കം അതിനാൽ തന്നെ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കം കൂടിയാണെന്നാണ് തിരിച്ചറിയേണ്ടത്. 

തീർച്ചയായും ജനാധിപത്യം മറ്റു രാഷ്ട്രീയ സംവിധാനങ്ങളെ പോലെ അടഞ്ഞ ഒന്നല്ല. തുറന്ന ഒന്നാണ്. അനുദിനം അതിനെ കൂടുതൽ ശക്തമാക്കാനും കൂടുതൽ കൂടുതൽ ജനകീയമാക്കാനും അധികാരത്തിൽ പങ്കാളിത്തം ലഭിക്കാത്തവരിലേക്ക് എത്തിക്കാനും ശ്രമിക്കണം. സംവരണവും (വനിതയടക്കം) വിവരാവകാശ നിയമവും സേവനാവകാശ നിയമവും ലോക്പാലുമൊക്കെ അതിന്റെ ഭാഗമാണ്. ആ ദിശയിലുള്ള നീക്കങ്ങൾ കൂടുതലുണ്ടാകണം. മുകളിൽ സൂചിപ്പിച്ച പോലെ ഏതൊരു ഭരണ സംവിധാനത്തിലും ഫാസിസവൽക്കരിക്കാനുള്ള പ്രവണത അന്തർലീനമാണ്. അതിനെതിരായ ജാഗ്രത എപ്പോഴുമുണ്ടാകണം. ഭരണകൂടം ഏതായാലും, ജനാധിപത്യമായാലും അനിവാര്യമായ തിന്മ തന്നെയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്നതാണ്. പക്ഷേ അത് അനിവാര്യമാണ്. അപ്പോൾ നമുക്കു ചെയ്യാനാവുക ഭരണകൂടാധികാരങ്ങളെ കുറച്ചുകൊണ്ടുവരിക, അധികാരത്തെ ജനങ്ങളിലേക്ക് തിരികെ സ്വാംശീകരിക്കുന്ന പ്രക്രിയകൾ ശക്തമാക്കുക തുടങ്ങിയവയാണ്. 

തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയ പാർട്ടികളെല്ലാം സുതാര്യമാകുക, പാർട്ടികൾ ജനപ്രതിനിധികളെ നിശ്ചയിക്കുമ്പോൾ തന്നെ ജനാഭിപ്രായം തേടുക,  തുടങ്ങി നിരവധി നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. ജനാധിപത്യത്തിലെ യഥാർത്ഥ അധികാര കേന്ദ്രം പാർട്ടികളായതിനാൽ അവയുടെ നേതൃത്വങ്ങളെ നിർദേശിക്കുന്നതിലും ജനങ്ങൾക്ക് പങ്കുണ്ടാകുന്ന രീതിയിലാണ് ജനാധിപത്യം വികസിക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഞങ്ങളുടെ പാർട്ടിയുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന അഹങ്കാരത്തിന്റെ സ്വരമാണ് എങ്ങും കേൾക്കുന്നത്. അഹങ്കാരത്തിനു പകരം വിനയമായിരിക്കണം അവരുടെ ഭാഷ. കൂടാതെ ജനാധിപത്യമെന്നത് കേവലം ഭരണകൂട രൂപമല്ല എന്നും അതിന് രാഷ്ട്രീയത്തിനു പുറമെ സാമൂഹ്യമായ വശമുണ്ടെന്നും മനസ്സിലാക്കണം. കുടുംബവും നാട്ടിൻപുറത്തെ സംഘടനകളും മുതൽ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാം നാം പാലിക്കേണ്ട ജീവിതശൈലിയാണത്. എന്നാലതൊന്നുമല്ല നിർഭാഗ്യവശാൽ കാണുന്നത്. തങ്ങൾ ജനങ്ങളിൽ നിന്നുയർന്ന ഏതോ വർഗമാണെന്നാണ് രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്, ജനങ്ങൾക്കില്ലാത്ത പ്രിവിലേജുകൾ തങ്ങൾക്കുണ്ടെന്നും. അതിന്റെ ഭാഗം കൂടിയാണ് ലോകായുക്തയെ അട്ടിമറിക്കാനുള്ള ഇപ്പോഴത്തെ നീക്കവും എന്നു കരുതുന്നതിൽ തെറ്റു കാണാനാവില്ല. 


 

Latest News