Sorry, you need to enable JavaScript to visit this website.

ബിജെപിയുടെ സര്‍പ്രൈസ്; യുപിയില്‍ അഖിലേഷിനെതിരെ മത്സരിക്കുന്നത് കേന്ദ്ര മന്ത്രി എസ് പി സിങ്

ലഖ്‌നൗ- കന്നി നിയമസഭാ മത്സരത്തിനിറങ്ങിയ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ശക്തി കേന്ദ്രമായ കര്‍ഹല്‍ മണ്ഡലത്തില്‍ നേരിടാന്‍ ബിജെപി സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി എസ് പി സിങ് ബഗെലിനെ രംഗത്തിറക്കി. നിലവില്‍ ആഗ്രയില്‍ നിന്നുള്ള ബിജെപി എംപിയാണ് ബഗെല്‍. നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പായാണ് എസ് പി സിങ് ബഗെലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കേന്ദ്ര നിയമ സഹമന്ത്രിയായ ബഗെല്‍ നേരത്തെ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിനോട് മത്സരിച്ച് തോറ്റിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങുമായും നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ്. 

അഖിലേഷ് യാദവും തിങ്കളാഴ്ച നാമിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി കര്‍ഹലില്‍ ആരെ നിര്‍ത്തിയാലും അവര്‍ തോല്‍ക്കുമെന്ന് അഖിലേഷ് പ്രതികരിച്ചു. 

യുപിയില്‍ പോലീസ് ഉദ്യോഗസ്ഥനായി കരിയര്‍ തുടങ്ങിയ എസ് പി സിങ് നേരത്തെ മുലായം സിങിന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. മുലായം സിങാണ് എസ് പി സിങിനെ ആദ്യമായി 1989ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. അടുത്ത തവണയും മത്സരിച്ചെങ്കിലും രണ്ടു തവണയും തോറ്റു. ആദ്യമായി ജയിച്ചത് 1998ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ്. പിന്നീട് സമാജ് വാദി പാര്‍ട്ടി വിട്ട് മായാവതിയുടെ ബിഎസ്പിയിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും കൂടുമാറുകയായിരുന്നു. 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കേന്ദ്ര മന്ത്രിസഭാ വികസനത്തിലാണ് എസ് പി സിങിന് മന്ത്രിസഭയില്‍ ഇടം ലഭിച്ചത്.
 

Latest News