ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാനിലും ചൈനയിലും

ന്യൂദല്‍ഹി- ലോകാരോഗ്യ സംഘടന(WHO)യുടെ കോവിഡ് ഡാഷ്‌ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന ഭൂപടത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന്റേയും ചൈനയുടേയും ഭാഗം. ഇന്ത്യയ്ക്കു നല്‍കിയിരിക്കുന്ന നിറത്തില്‍ നിന്ന് വ്യത്യസ്തമായ നിറത്തിലാണ് ജമ്മു കശ്മീരിനെ അടയാളപ്പെടുത്തിയിരിക്കുന്നതെന്നും ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോ. ശാന്തനു സെന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. ഭൂപടത്തില്‍ ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ചിത്രങ്ങളും ഡോ. ശാന്തനു സെന്‍ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരില്‍ ക്ലിക്ക് ചെയ്താല്‍ പാക്കിസ്ഥാനിലേയും ചൈനയിലേകും കാവിഡ് കണക്കുകളാണ് കാണിക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ ഒരു ഭാഗവും വ്യത്യസ്തമായാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും നേരത്തെ തന്നെ ഈ വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഡോ. ശാന്തനു സെന്‍ പറഞ്ഞു. ഇത്ര വലിയ പിഴവ് ഇത്രയും കാലം എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി എന്ന കാര്യം സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Latest News