ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പകതീര്‍ക്കാന്‍ മുന്‍ ജീവനക്കാര്‍ ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടു പോയി കൊന്നു

ബുലന്ദ്ശഹര്‍- യുപിയിലെ ബുലന്ദ്ശഹറില്‍ വെള്ളിയാഴ്ച മുതല്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ഒരു ഡോക്ടറുടെ മകനായ ബാലനെ ഡോക്ടറുടെ മുന്‍ജീവനക്കാരാണ് തട്ടിക്കൊണ്ടുപോയി കൊന്നതെന്ന് പോലീസ് കണ്ടെത്തി. ഡോക്ടറോടൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളായ നജിം, ശാഹിദ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് ഡോക്ടറുടെ എട്ടു വയസ്സുകാരന്‍ മകനെ കാണാതായത്. ഡോക്ടര്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ തന്നെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് നജിമിനേയും ശാഹിദിനേയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ നല്‍കിയ വിവരമനുസിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടറോടൊപ്പം കംപൗണ്ടര്‍മാരായി ജോലി ചെയിരുന്ന ഇവരെ കൃത്യവിലോപത്തിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പാണ് പിരിച്ചുവിട്ടത്. ഈ പക തീര്‍ക്കാനാണ് ഡോക്ടറുടെ മകനെ ഇവര്‍ തട്ടിക്കൊണ്ടുപോയി കൊന്നതെന്ന് ദെബായ് സര്‍ക്കിള്‍ ഓഫീസര്‍ വന്ദന ശര്‍മ പറഞ്ഞു.

Latest News