ത്രിപുര തകരുമ്പോൾ ഒരു തുള്ളി കണ്ണുനീർ പൊഴിക്കില്ല;  കാരണം നിങ്ങൾ മനുഷ്യരല്ല-കെ.എം ഷാജി

കോഴിക്കോട്- ത്രിപുര തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പരാജയത്തിൽ തീരെ സങ്കടമില്ലെന്നും ഒരിറ്റ് കണ്ണീർ പൊഴിക്കില്ലെന്നും മുസ്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം ഷാജി. ഇന്ത്യയിലെ ഇടതുപക്ഷം മനുഷ്യത്വവിരുദ്ധമാണെന്നും അതിനാൽ സങ്കടപ്പെടേണ്ട കാര്യമില്ലെന്നും ഷാജി പറഞ്ഞു.

ഷാജിയുടെ പോസ്റ്റ്:
ത്രിപുരയിൽ ബി.ജെ.പി നേടിയ വിജയം നടുക്കത്തോടെയും,അതിലേറെ ദുഖത്തോടെയുമാണ് കേട്ടത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് കൂടി ഹിന്ദുത്വ ഫാഷിസം വിജയിക്കുന്നുവെന്ന വാർത്ത മതേതര മനസ്സുകൾക്ക് ആഹ്ലാദമോ, ആശ്വാസമോ പകരുന്നതല്ല.ത്രിപുരയിൽ കാൽ നൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം സി പി എം പരാജയപ്പെട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ വേദനയോടെ നോക്കി നിന്നവരാണ് നാം.സങ്കടം ഉള്ളിലൊതുക്കിയവരാണ്.എന്നാൽ സി പി ഐ എമ്മിന്റെ പരാജയത്തിൽ ദു:ഖിക്കാനില്ല. കോൺഗ്രസിന്റെ പരാജയത്തെക്കാൾ വലുതല്ല സി പി എമ്മിന്റെ പരാജയം.
കോൺഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയിലെ രണ്ട് വലതുപക്ഷ,ജനാധിപത്യ വിരുദ്ധ പ്രസ്ഥാനങ്ങളാണ് ബി ജെ പിയും, സി പി എമ്മും എന്നുറപ്പിച്ചു പറയാനാകും.അത് കൊണ്ടാണ് രണ്ട് പേർക്കും മുഖ്യശത്രു കോൺഗ്രസാകുന്നത്. പശ്ചിമബംഗാളിൽ നേരിട്ട കനത്ത പരാജയത്തിന്റെ തുടർച്ച തന്നെയാണ് ത്രിപുരയിലും സംഭവിച്ചിരിക്കുന്നത്. വെട്ടിയും കൊന്നും ജനങ്ങളെ ദുരിതത്തിലാക്കിയ പശ്ചിമബംഗാളിലെ സി പി എമ്മിനെ അവിടത്തെ ജനത തൂത്തെറിഞ്ഞു. അവിടെ പകരം വരാൻ ഒരു മമതാ ബാനർജി ഉണ്ടായിരുന്നു. ത്രിപുരയിൽ അതുണ്ടായില്ല. അതിനാൽ ബി ജെ പി വന്നു. 
ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയം നിലനിൽക്കേണ്ടതുണ്ട്. എന്നാൽ സി പി എമ്മിന്റെ പരാജയം അനിവാര്യമായിരിക്കുകയാണ്, അഥവാ പരാജയത്തെ സ്വയം അവർ ക്ഷണിച്ചു വരുത്തുകയാണ്.
സഹജീവിയുടെ സ്വരം സംഗീതം പോലെ ശ്രവിക്കുന്നവരാണ് ഇടതുപക്ഷക്കാർ.എന്നാൽ അറുത്ത് തള്ളുന്ന ശിരസ്സുകളെണ്ണി സംഘ ശക്തിയുടെ വിജയഘോഷണം മുഴക്കുന്ന സിപിഎം ഇടതുപക്ഷമല്ല. രാജ്യത്തെ ഇടതുപക്ഷ ശാക്തീകരണത്തിന്റെ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത് സി പി ഐ, ആർ എം പി, ആർ എസ് പി, ഫോർവേർഡ് ബ്ലോക്ക്, എസ് യു സി ഐ തുടങ്ങിയ സംഘടനകളാണെന്ന് ത്രിപുരയിലെ പരാജയം ഓർമ്മപ്പെടുത്തുന്നുണ്ട്.അതുകൊണ്ട് തന്നെ ഒരർത്ഥത്തിലും 
സി പി എം തോൽക്കുമ്പോൾ ന്യൂനപക്ഷത്തിന്,പ്രത്യേകിച്ച് മുസ്ലിംകൾക്ക് ആശങ്കപ്പെടാൻ ഒന്നുമില്ല. മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ അധികാരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയാനും, അവരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുവാനും മാത്രമാണ് നിലവിലെ സി പി എം സഹായകരമാകുന്നത്.കൊന്ന് തള്ളിയവരുടെയും, വെട്ടിനുറുക്കിയവരുടെയും കണക്ക് അത്ര മേൽ വലുതാണ്. ശുക്കൂറും, ശുഐബും അവരിൽ ചിലർ മാത്രമാണ്. നാദാപുരത്തും, കണ്ണൂരിലും മുസ്ലിംകളുടെ മുഖ്യശത്രു എല്ലാക്കാലത്തും സി പി എമ്മാണെന്നത് സത്യം മാത്രമാണ്.വീട് കൊള്ളയടിക്കുന്നതും, കൊള്ളിവെപ്പ് നടത്തുന്നതും സിപിഎമ്മല്ലാതെ മറ്റാരുമല്ല.
ബി ജെ പി നേതൃത്വം നൽകുന്ന ഫാഷിസം ഇന്ത്യയെ വിഴുങ്ങാൻ നിൽക്കുമ്പോൾ മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഓരോ ജനാധിപത്യവാദിയുടെയും ഉത്തരവാദിത്തം. അതിന് കോൺഗ്രസിനോടൊപ്പം നിൽക്കുക എന്നതാണ് പകൽ പോലെ പ്രായോഗികമായ മാർഗ്ഗം.മൂന്നാം മുന്നണി എന്ന ഒരിക്കലും സാധ്യമാവാത്ത വിഡ്ഢിത്തം ഇന്ത്യയിൽ അപ്രസക്തമാണ്. കോൺഗ്രസിന് കൂടി ബദലായൊന്ന് വളർത്തിയെടുക്കാൻ ശ്രമിക്കുക എന്നതിനർഥം ആർ എസ് എസിന് വിജയം നൽകുക എന്ന് മാത്രമാണ്.കാരാട്ടിന്റേയും പിണറായിയുടെയും ആ ശ്രമത്തിന്റെ വിജയമാണ് ത്രിപുരയിൽ സംഭവിച്ചിരിക്കുന്നത്.
ചുരുക്കി പറയാം:
ത്രിപുര തകരുമ്പോൾ ഒരു തുള്ളി കണ്ണുനീർ ഞങ്ങളിൽ നിന്നും പൊടിയില്ല സഖാവെ, കാരണം നിങ്ങൾ മനുഷ്യരല്ല, 
മനുഷ്യത്വ വിരുദ്ധരാണ്...
നിങ്ങൾ ഇടതു പക്ഷമല്ല 
എല്ലാം തികഞ്ഞ വലതു പക്ഷമാണു
 

Latest News