മഥുരയില്‍ വര്‍ഗീയ ധ്രുവീകരണം ശക്തം, മുസ്ലിം യുവാവ് കടയുടെ പേര് മാറ്റി

മഥുര- ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മഥുര ശ്രീകൃഷ്ണ ക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് ധ്രുവീകരണത്തിനുള്ള ശ്രമം ബി.ജെ.പി ഊര്‍ജിതമാക്കി.

ഹിന്ദു പേര് ഉപയോഗിക്കരുതെന്ന ഭീഷണി കാരണം  ശ്രീനാഥ് ദോശ എന്ന പേരില്‍ കട നടത്തിവരികയായിരുന്ന 30 കാരന്‍ അവേദ് ഖാന് കടയുടെ പേര് അമേരിക്കന്‍ ദോശ എന്നാക്കി മാറ്റി. സ്ഥാപനത്തിന് ഹിന്ദു പേര് ഉപയോഗിക്കരുതെന്ന് ഒരു സംഘം മുന്നറിയിപ്പ് നല്‍കിയെന്ന് ഖാന്‍ പറയുന്നു.

55 വര്‍ഷമായി ഇവിടെ താമസിക്കുന്ന തനിക്ക് ഒരിക്കലും ഹിന്ദു-മുസ്ലിം വിഭജനം തോന്നിയിട്ടില്ലെന്നും ഈയടുത്ത കാലത്താണ് വര്‍ഗീയ വികാരം വളര്‍ത്താനുളള ശ്രമം തുടങ്ങിയതെന്നും ശാഹി ഈദ്ഗാഹ് മസ്ജിദന്റെ ട്രസ്റ്റ് പ്രസിഡന്റ് സെഡ്. ഹസ്സന്‍ പറയുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചുവെന്നാണ് ആരോപണം. 1950 കളില്‍ ഇവിടെ ക്ഷേത്രസമുച്ചയം പണിയുകയും ചെയ്തു.
ക്ഷേത്രവും പള്ളിയും തര്‍ക്കമില്ലാതെ തുടരുന്നതിന് 1968 ല്‍ ഉണ്ടാക്കിയ കരാര്‍ 2020 ല്‍മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടതെന്ന് ഹസ്സന്‍ പറഞ്ഞു. മഥുര ക്ഷേത്ര പ്രശ്‌നം മുഖ്യമന്ത്രി ആദിത്യനാഥും മറ്റു ബി.ജെ.പി നേതാക്കളും ഉയര്‍ത്തിയതോടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ശക്തമായി.
പള്ളിയുടെ ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ധാരാളം ഹിന്ദുക്കള്‍ രംഗത്തുവന്നു. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പ്രദേശത്ത് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തേണ്ടിവന്നിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ പള്ളി സമുച്ചയത്തിലേക്ക് ആളുകളെ കടത്തിവിടുന്നത്.

 

Latest News