Sorry, you need to enable JavaScript to visit this website.

 ഫോക്‌ലോര്‍ ഗവേഷകന്‍  ഡോ. സി. ആര്‍. രാജഗോപാലന്‍ അന്തരിച്ചു

തൃശൂര്‍-എഴുത്തുകാരനും ഫോക്‌ലോര്‍ ഗവേഷകനുമായ ഡോ. സി. ആര്‍. രാജഗോപാലന്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ആരോഗ്യ അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ ശ്രീകേരളവര്‍മ കോളേജിലും കേരള സര്‍വകലാശാലയിലും അധ്യാപനായിരുന്ന അദ്ദേഹം നാടന്‍ കലകള്‍, നാട്ടറിവുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എഴുത്തുകളിലൂടെയാണ് ശ്രദ്ധ നേടിയത്.കോഴിക്കോട് സര്‍വകലാശാലക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഗവേഷണബിരുദം നേടിയ അദ്ദേഹം നാട്ടറിവ് പഠനത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഡിസി ബുക്‌സിന്റെ നാട്ടറിവുകള്‍ എന്ന 20 പുസ്തകപരമ്പരയുടെ ജനറല്‍ എഡിറ്ററായിരുന്നു. കേരള ഫോക്ലോര്‍ അക്കാദമി, കേരളസംഗീത നാടക അക്കാദമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
എല്ലാം കത്തിയെരിയുകയാണ്, അലയുന്നവര്‍, മുടിയേറ്റ്, നാടോടി നേരരങ്ങ്, ഫോക്‌ലോര്‍ സിദ്ധാന്തങ്ങള്‍, കാവേറ്റം, നാടന്‍ കലാരൂപങ്ങള്‍, കറുത്താണികളുടെ കൊയ്ത്ത്, ഗോത്ര കലാവടിവുകള്‍, ദേശീയ സൗന്ദര്യബോധം, തണ്ണീര്‍പന്തല്‍, ഞാറ്റുവേലയ്ക്ക് പൊട്ടുകുത്തേണ്ട, കൃഷി ഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകള്‍, അന്നവും സംസ്‌കാരവും, വരിക്കപ്ലാവിനുവേണ്ടി ഒരു വടക്കന്‍പാട്ട്, ആട്ടക്കോലങ്ങള്‍ കേരളീയ രംഗ കലാചരിത്രം, മണ്ണ് ലാവണ്യം പ്രതിരോധം, നാട്ടുനാവ് മൊഴി മലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോള്‍, ഡയാസ്‌ഫോറ, ഏറുമാടങ്ങള്‍, നാട്ടറിവ് 2000 ഇയേഴ്‌സ് ഓഫ് മലയാളി ഹെറിട്ടേജ് എന്നിവയാണ് കൃതികള്‍.
ഫോക്‌ലോര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ നിരന്തരം എഴുതാറുണ്ടായിരുന്നു. നാടന്‍പാട്ടുകളുടെ ആല്‍ബങ്ങള്‍, ഫോക്ലോര്‍ ഡോക്യുമെന്ററികള്‍ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, സ്വിസ്റ്റര്‍ലണ്ട്, റോം, ജനീവ, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

Latest News