Sorry, you need to enable JavaScript to visit this website.

ഉദ്ദേശിച്ചത് കുഞ്ഞാപ്പയേയും ജഡ്ജി സിറിയക്  ജോസഫിനെയും, വീണ്ടും ജലീല്‍ 

വളാഞ്ചേരി- ലോകായുക്തയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് വീണ്ടും കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായ കഴിഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ കേസാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പോസ്റ്റ്. വിമര്‍ശനങ്ങള്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ തന്നെയാണെന്നും പുതിയ പോസ്റ്റില്‍ ജലീല്‍ അടിവരയിടുന്നുണ്ട്. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷിക്കാന്‍ സിറിയക് ജോസഫ് സഹോദര ഭാര്യക്ക് എംജി വിസി പദവി വിലപേശി വാങ്ങി എന്ന് ജലീല്‍ ആരോപിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ പോസ്റ്റില്‍ സിറിയക് ജോസഫിന്റെ പേര് നേരിട്ട് സൂചിപ്പിക്കാതെയായിരുന്നു വിമര്‍ശനമെങ്കില്‍ ജസ്റ്റിസിന്റെ പേരും രേഖകളും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് പുതിയ പോസ്റ്റ്.
'ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ്ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ?' എന്ന ചോദ്യത്തോടെയാണ് രേഖകള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

Latest News