Sorry, you need to enable JavaScript to visit this website.

സ്‌നേഹക്കൂടുകൾ സ്വപ്‌നം കണ്ട  വാസ്തുശിൽപിയുടെ ജന്മശതാബ്ദി നാളെ

ഇംഗ്ലണ്ടുകാരനായ ലോറൻസ് വിൻഫ്രഡ് ബേക്കർ  എന്ന ലാറിബേക്കർ (1917-2007) കേരളത്തെ സ്വയം തെരഞ്ഞെടുത്ത വ്യക്തിയായിരുന്നു. അദ്ദേഹം കേരള ജനതയെ തന്റെ ജീവിതം കൊണ്ട്  പഠിപ്പിച്ച പാഠങ്ങൾ  വർഷങ്ങൾക്കിപ്പുറവും മൂത്തവരുടെ വാക്കായി, മുതു നെല്ലിക്കയായി  കൂടുതൽ, കൂടുതൽ മധുരിക്കുന്നുണ്ട്.  അദ്ദേഹത്തെ കുറിച്ചുള്ള നന്മ നിറഞ്ഞതും, പ്രചോദനാത്മകവുമായ  ഓർമ്മകൾ കേരളീയർക്ക് വീണ്ടും പകർന്ന് നൽകാനുതകുന്നതായിരിക്കും നാളെ തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന ലാറിബേക്കർ ജന്മ ശതാബ്ദി. ലാറിബേക്കറുടെ  പൈതൃകം ഉയർത്തിപ്പിടിക്കുന്ന പരിപാടികളായിരിക്കും ഈ കാലയളവിൽ കേരളത്തിലുടനീളം നടക്കുക.  അദ്ദേഹം ജീവിച്ച കാലത്ത് കേരള ജനതക്ക് പറഞ്ഞാൽ മനസിലാകാത്ത പല കാര്യങ്ങളും ഇന്നവരുടെ അനുഭവ യാഥാർഥ്യമായതിനാൽ ബേക്കറിനെ ഓർമ്മിപ്പിക്കുന്നത് വലിയ ഗുണം ചെയ്യും. 1917 ൽ ഇംഗ്ലണ്ടിൽ ജനിക്കുകയും അവിടെത്തന്നെ വാസ്തുവിദ്യ പഠിക്കുകയും  ചെയ്തയാളായിരുന്നു ലാറി ബേക്കർ. ആതുരസേവനത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിച്ചേർന്നതാണ്.    മലയാളിയായ ഡോ. എലിസബത്തിനെ ജീവിതപങ്കാളിയാക്കി കേരളത്തിന്റെ മരുമകനായി. കഷ്ടപ്പെടുന്ന കുഷ്ഠരോഗികൾക്കും ആദിവാസികൾക്കും ഇടയിൽ അവർക്കായി വീടുകളും പുനരധിവാസ പദ്ധതികളും നടപ്പാക്കുന്നതിലാണ് ആദ്യകാലത്ത് ഇടപെട്ടിരുന്നത്.  അത് പിന്നീട്  ചിലവുകുഞ്ഞ നിർമ്മാണരീതികൾക്കും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന കെട്ടിടങ്ങളുടെ രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിലേക്ക് ചെന്നെത്തി.
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമൊന്നും അന്ന് ജനങ്ങൾക്കറിയാവുന്ന കാര്യങ്ങളായിരുന്നില്ല.  ഇന്നിപ്പോൾ ഗൾഫ് നാടുകളിലെല്ലാം ഉള്ളതുപോലെ തൊഴിലാളികൾക്ക് നിയമപരമായി വേനൽക്കാലത്ത് ഉച്ച വിശ്രമം  നൽകേണ്ട  അവസ്ഥയിലേക്ക്  കേരളത്തിന്റെ കാലാവസ്ഥയും മാറിയിരിക്കുന്നു.   പ്രകൃതിക്കിണങ്ങും വിധമുള്ള നിർമ്മാണരീതി എന്നതൊക്കെ തലക്കുമുകളിൽ കത്തി നിൽക്കുന്ന സൂര്യനെ കണ്ടെങ്കിലും മലയാളികളിൽ ചുരുക്കം പേരെങ്കിലും ഉൾക്കൊണ്ട് തുടങ്ങിയിട്ടുണ്ട്.
ബേക്കർ രീതിയിൽ പണിത വീടിന്റെ ചുമരിലേക്ക് വെള്ളമിറങ്ങി നനഞ്ഞപ്പോൾ ഒരാൾ അദ്ദേഹത്തോട് പരാതി പറയാൻ പോയ കഥയുണ്ട്. കസേര ചുമരിനോട് ചാരിയിടാൻ പറ്റുന്നില്ല എന്നതായിരുന്നു ചെന്നയാളുടെ പരാതി. മഴ കഴിയുന്നതുവരെ കസേര ചുമരിന് തട്ടാതെയിട്ടാൽ മതി എന്നായിരുന്നു ബേക്കറിന്റെ നിഷ്‌ക്കളങ്കമായ പ്രതികരണം. അന്ന് ആ മറുപടി സമൂഹത്തിലെത്തിയപ്പോൾ ആളുകൾ ബേക്കർ പദ്ധതിയെപ്പറ്റി പറഞ്ഞ് ചിരിച്ചിരുന്നു.  ഇന്നാർക്കും അതുകേട്ട് ചിരിക്കാനാവുമായിരുന്നില്ല. ബേക്കറാണ്  ശരി എന്ന് ഇന്ന് സമൂഹത്തിനും ബോധ്യം വന്നിരിക്കുന്നു.  സിമന്റ്, കമ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുവാനും പഴയ കെട്ടിട സാമഗ്രികൾ പുനരുപയോഗിക്കുവാനും മുളപോലുളള നിർമ്മാണവസ്തുക്കൾ പ്രയോജനപ്പെടുത്തുന്നതിനും ബേക്കർ  മുന്നോട്ടുവച്ച ആശയങ്ങൾ ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നുണ്ട്.
വിവിധ വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും അവർക്ക് ചേരും വിധമുള്ള കെട്ടിടങ്ങളായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. ചെറിയ കുന്നുകൾ ഇടിച്ചു മാറ്റാതെ തന്നെ അദ്ദേഹം കെട്ടിടം രൂപകൽപ്പന ചെയ്തുകൊടുത്തിരുന്നു.
സുരക്ഷിതത്വത്തിനും സൗന്ദര്യസങ്കൽപങ്ങൾക്കും ഒട്ടും കോട്ടം വരുത്താതെ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ്, കൊല്ലം ജില്ലാ പഞ്ചായത്തു കെട്ടിടം, മലപ്പുറം ടൗൺഹാൾ, അഹാട്ടസ് ആസ്ഥാനമന്ദിരം നിരവധി സ്‌കൂൾ കെട്ടിടങ്ങൾ ആശുപത്രി സമുച്ചയങ്ങൾ, ആരാധനാലയങ്ങൾ ഒക്കെ ബേക്കറിന്റെ നിത്യസ്മാരകമായി തലയുയർത്തി നിൽക്കുന്നു.   ജീവിക്കാൻ കൊള്ളാവുന്ന,  സ്‌നേഹം ചേർത്തുവെച്ച താങ്ങാവുന്ന ചെലവിലുള്ള വീട്  (livable lovable and affordable  homes) എന്നതായിരുന്നു വീടുകളെ കുറിച്ച്  ആ ബർമ്മിംഗ്ഹാം ആർക്കിടെക്ടിന്റെ  സങ്കൽപ്പം. ആഗോളാടിസ്ഥാനത്തിൽ ചിന്തിക്കണമെന്നും അതേസമയം തികച്ചും പ്രാദേശികമായി  പ്രവർത്തിക്കണമെന്നും അദ്ദേഹം കേരള ജനതയെ  ഉപദേശിച്ചു.  
1980കളിൽ കേരളം ഒന്നാകെ സൈലന്റ് വാലി പദ്ധതിക്കൊപ്പം അണിചേർന്നപ്പോൾ അദ്ദേഹം അത് സംരക്ഷിക്കണമെന്ന് വാദിച്ചവർക്കൊപ്പമായിരുന്നു. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിനോട് ചേർന്നും യൂനിവേഴ്‌സിററി ലൈബ്രറിക്ക് മുന്നിലുമുള്ള തണൽ വിരിക്കുന്ന വൻ മരങ്ങളും, യൂനിവേഴ്‌സിറ്റി കോളേജ് പരിസരത്തെ മരങ്ങളുമൊക്കെ  നഗരത്തിന്റെ അലങ്കാരമായി ഇന്നും തലയുയർത്തി നിൽക്കുന്നത് ബേക്കറിന്റെയും, സഹ പ്രവർത്തകരുടെയും അക്കാലത്തെ  ഇടപെടൽ കാരണമാണ്. ഫലം തരുന്ന മരങ്ങൾ വീടിനകത്തു തന്നെ സംരക്ഷിച്ചു കൊണ്ട് എങ്ങിനെ പാർപ്പിടം പണിയാം എന്നദ്ദേഹം മലയാളിക്ക് കാണിച്ചുതന്നിരുന്നു. കെട്ടിടങ്ങൾ ഉണ്ടാക്കിയെടുക്കാം മരമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ബേക്കർ തന്നെ സ്ഥാപിച്ച കോസ്റ്റ്‌ഫോർഡ് (സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഫോർ റുറൽ ഡവലപ്പ്‌മെന്റ്) ലോറി ബേക്കർ സെന്റർ ഫോർ ഹാബിറ്റാറ്റ് ആൻഡ് സ്റ്റഡീസും (എൽ.ബി.സി), സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് ഈ ശതാബ്ദിയാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന ദേശീയ എക്‌സിബിഷനും രാജ്യാന്തര സെമിനാറും 2018 മാർച്ച് 4 മുതൽ 11 വരെയാണ്  തിരുവനന്തപുരത്ത് നടക്കുന്നത്.
സുസ്ഥിര ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള രാജ്യാന്തര സെമിനാറിൽ രാജ്യാന്തരപ്രശസ്തരായ ആർക്കിടെക്റ്റുകളും,  രാജ്യത്തുതന്നെ ബദൽ നിർമ്മാണ വികസന മാതൃകകൾ രൂപപ്പെടുത്തുന്നതിൽ മുന്നിട്ടുനിന്ന സാങ്കേതികവിദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഭരണകർത്താക്കളും പങ്കാളികളാകും. വിവിധ പ്രദേശങ്ങളുടെ നിർമ്മിതി മാതൃകകൾ, രാജ്യന്തര പ്രശസ്തരായ വാസ്തു ശില്പികളുടെ പദ്ധതികളുടെ പ്രദർശനം, തൽസമയ നിർമ്മാണരീതികൾ, വിദ്യാർഥികൾക്കു പ്രവൃത്തിപരിചയ ശിൽപശാലകൾ, വിവിധ കെട്ടിട നിർമ്മാണവസ്തുക്കളുടെയും സൗരോർജ്ജോൽപന്നങ്ങളുടെയും പ്രദർശനം, മാലിന്യ സംസ്‌കരണത്തിന്റെ നൂതന സംവിധാനങ്ങൾ മഴവെളളസംഭരണം, വിദഗ്ദ്ധരുമായുളള ചോദ്യാത്തരങ്ങൾ, ആശയസംവാദങ്ങൾ, ഓപ്പൺ ഫോറം, കലാപരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം, ഭക്ഷ്യമേള എന്നിവയൊക്കെ പരിപാടിയുടെ ഭാഗമായി നടക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികൾക്ക് ജില്ലാ തലങ്ങളിലും  തുടർനടപടികളുണ്ടാകും.
കേരളീയസമൂഹം നേരിടുന്ന മർമ്മപ്രധാനവും മികച്ച ജനപങ്കാളിത്തം ആവശ്യപ്പെടുന്നതുമായ നഗരവികസം, തിരദേശവികസനം, പൊതുവിദ്യാഭ്യാസഗുണനിലവാരം, ശുചിത്വസംവിധാനങ്ങളുടെ പരിപാലനം, സമ്പൂർണ്ണ ഭവനനിർമ്മാണവും അടിസ്ഥാനവസൗകര്യവും, ആദിവാസിമത്സ്യത്തൊഴിലാളിമേഖലകളുടെ പുനഃസംഘാടനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണു ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുളളത്. ജനപ്രധിനിധികൾ നിർമ്മാണമേഖലയിലെ സാങ്കേതികവിദഗ്ദ്ധർ, രാജ്യത്തെ മുഴുവൻ ആർക്കിടെക്ചർ കേളേജുകൾ, മെട്രോ നഗരങ്ങൾ എന്നിവിടങ്ങളിലേക്കും പദ്ധതിയുടെ സന്ദേശം വ്യാപിപ്പിക്കും. ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റിയൂട്ടിന്റെ (എൻ.ഐ.ആർ.ഡി) കൂടി സഹകരണത്തോടെ രാജ്യത്തെ 5000 വരുന്ന ബ്ലോക്കുകേന്ദ്രങ്ങളിൽ ഒരു ബേക്കർ നിർമ്മിതി രൂപപ്പെടുത്തുന്നതിനുളള സാങ്കതിക പിന്തുണയും ഈ ആഘേഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.  ഇതുവഴി ഇക്കാര്യത്തിലും രാജ്യത്തിന് വഴികാട്ടിയാകാൻ കേരളം വളരുകയാണ്.
പ്രകൃതിയെ നോവിക്കാതെ എങ്ങിനെ ഭൂമിയിൽ അന്തസായി  ജീവിക്കാം എന്ന് സ്‌നേഹത്തിന്റെ ഭാഷയിലാണ് ബേക്കർ പറഞ്ഞു തന്നത്. 
തികഞ്ഞ ഗാന്ധിയനായിരുന്ന ബേക്കർജിയെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് കേൾക്കാനും, ഉൾക്കൊള്ളാനും ഉണ്ടായതിലധികം ആളുകൾ അദ്ദേഹത്തിന്റെ ലളിത മാതൃകയെ  ഇന്ന് ഉറ്റു നോക്കുന്നു. അതു കൊണ്ട് തന്നെ വരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി വലിയ തോതിൽ  ഗുണം ചെയ്യുമെന്നുറപ്പ്.

Latest News