ആറു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ, 15 ദിവസം കൊണ്ട് വിധി

പട്‌ന- ആറുവയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ 15 ദിവസം കൊണ്ട് വിധി. പ്രതിക്ക് വധശിക്ഷ.  അരാറിയയിലെ പ്രത്യേക പോക്‌സോ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി ശശികാന്ത് റായിയാണ് കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ പോക്‌സോ കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചത്.

ആറുവയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുഹമ്മദ് മേജര്‍(48) എന്നയാള്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനുപുറമേ പതിനായിരം രൂപ പിഴയും പ്രതി അടക്കണം. ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ഡി.എല്‍.എസ്.എ സെക്രട്ടറിയോടാണ് പണം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബര്‍ഗാമ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീര്‍നഗര്‍ സ്വദേശിയായ ഇയാള്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതോടെ പോലീസ് മുഹമ്മദിനെതിരേ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി ജനുവരി 12-ാം തീയതി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്നാണ് കോടതി അതിവേഗം വിചാരണ ആരംഭിച്ചത്. ജനുവരി 20-ാം തീയതി കേസ് പരിഗണിച്ച കോടതി 22-ാം തീയതി പ്രതിക്കെതിരേയുള്ള കുറ്റങ്ങള്‍ ചുമത്തി. തുടര്‍ന്ന് 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 27-ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.

 

Latest News