Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം ദേശീയതലത്തില്‍ മൂന്നാമത്

നെടുമ്പാശ്ശേരി- കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങളും സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും കൊച്ചി അന്താരാഷ്ട വിമാന താവളത്തെ തുണച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് കോവിഡ് പ്രതിസന്ധി നേരിട്ട 2021 ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളം ദേശീയാടിസ്ഥാനത്തില്‍ മൂന്നാമതെത്തി. ഇതോടെ 2021 വര്‍ഷം മുഴുവനും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന് ഈ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞിട്ടുണ്ട്.
  എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് 2021 ഡിസംബറില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ് ; 8,42,582 യാത്രക്കാര്‍. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡിസംബറില്‍ 3,01,338 രാജ്യാന്തര യാത്രക്കാരാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി കടന്നുപോയത്. ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന്  വര്‍ഷം മുഴുവനും ഈ സ്ഥാനത്ത് തുടരാനായി. നാലാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ് ഡിസംബറില്‍ ചെന്നൈ വിമാനത്താവളമുപയോഗിച്ചത്. 2021-ല്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ മൊത്തം 43,06,661 പേര്‍ കടന്നുപോയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാരുടെ വര്‍ധനവ്. ഇതില്‍ 18,69,690 പേര്‍ രാജ്യാന്തര യാത്രക്കാരാണ്.

  കോവിഡ് സമയത്ത് സുരക്ഷിത യാത്രയൊരുക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവള മാനേജ്മെന്റ് നടത്തിയ ശ്രമങ്ങളുടെ വിജയമാണ് സുസ്ഥിരമായ ട്രാഫിക് വളര്‍ച്ചയുണ്ടാക്കാന്‍ സഹായകമായതെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. '  സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ചെയര്‍മാന്റേയും ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ സഹായകമായി. രാജ്യത്തെ ഏറ്റവും സുരക്ഷതവും വൃത്തിയുള്ളതുമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് കൊച്ചി  എന്ന സന്ദേശം യാത്രക്കാരിലെത്താന്‍ കഴിഞ്ഞു. തത്ഫലമായി വിമാന സര്‍വിസുകള്‍ വര്‍ധിച്ചു. യു.കെ.യിലേയ്ക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനായി. ഡിസംബറില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്  കൊച്ചി സര്‍വീസ് പുനരാരംഭിച്ചു. ജനുവരിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മലേഷ്യയിലേയ്ക്കും സര്‍വീസ് തുടങ്ങി. ഇനി ബാങ്കോക് സര്‍വീസാണ് തുടങ്ങാനുള്ളത്. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു സുഹാസ് പറഞ്ഞു.
  ഡിസംബറില്‍ ഇന്ത്യന്‍ വിമാനത്താവങ്ങള്‍ 2.512 കോടി യാത്രക്കാര്‍ക്ക് സേവനമൊരുക്കി. നവമ്പര്‍-2.32 കോടി, ഒക്ടോബര്‍- 1.96 കോടി,സെപ്റ്റംബര്‍-1.42 കോടി എന്നിങ്ങനെയാണ് മുന്‍ മാസങ്ങളിലെ കണക്ക്. ഡിസംബറില്‍ പൊതുവെ യാത്രക്കാരുടെ വര്‍ധന രേഖപ്പെടുത്തിയെങ്കിലും മാസാവസാനത്തോടെ ഓമിക്രോണ്‍ ആശങ്കയെത്തുടര്‍ന്ന് കുറവ് നേരിട്ടുതുടങ്ങി.
 യാത്രക്കാരില്‍ സുരക്ഷാബോധം വളര്‍ത്തിക്കൊണ്ടും വിമാനക്കമ്പനികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ടും ട്രാഫിക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാന താവളം ഉള്‍പ്പെടെയുള്ള വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ നടത്തിവരുന്നു. ദുബായ് സുപ്രീം  കൗണ്‍സില്‍ ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്താദ്യമായി വിമാനക്കമ്പനികള്‍ യു.എ.ഇയിലേയ്ക്ക് സര്‍വീസ് ആരംഭിച്ചത് കൊച്ചിയില്‍ നിന്നാണ്. നിലവില്‍ യു.എ.ഇ യാത്രക്കാര്‍ക്ക് റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍  കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന്റെ  രാജ്യാന്തര പുറപ്പെടല്‍ ടെര്‍മിനലില്‍ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരുസമയം 450 പേര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ആഗമന ടെര്‍മിനലിലും  ഇത്രയും വിപുലമായ പരിശോധനാ സൗകര്യങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളം ഒരുക്കിയിട്ടുണ്ട് . കൊച്ചി  അന്താരാഷ്ട്ര വിമാനതാവളത്തില്‍  ഒക്ടോബറില്‍ നിലവില്‍ വന്ന ശീതകാല സമയപ്പട്ടികയനുസരിച്ച് പ്രതിദിനം 50 പുറപ്പെടല്‍ സര്‍വീസുകള്‍ ആഭ്യന്തര മേഖലയിലുണ്ട്. മുപ്പതോളം സര്‍വീസുകള്‍ രാജ്യാന്തര മേഖലയിലും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് പുറപ്പെടുന്നു.

 

Latest News