വാങ്ങാന്‍ മറന്ന ബാക്കി തുക മുക്കാല്‍ മണിക്കൂറിനകം അക്കൗണ്ടിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി

കൊല്ലം- ആനവണ്ടി വീണ്ടും ആരാധകരുടെ മനസ്സ് നിറക്കുന്നു. ബസില്‍നിന്ന് ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച്  43 ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ബാക്കിയായി നല്‍കേണ്ട 300 രൂപ എത്തിച്ചാണ് കെ.എസ്.ആര്‍.ടി.സി വ്യത്യസ്തരായത്.
വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി.ജി ലസിത എന്ന ഗവേഷക വിദ്യാര്‍ഥിനിക്കാണ് കെഎസ്ആര്‍ടിയിയില്‍ നിന്ന് വേറിട്ട അനുഭവമുണ്ടായത്. സോഷ്യല്‍മീഡിയയിലെ കെഎസ്ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്.

കൊല്ലം എസ്.എന്‍ കോളേജിലെ ഗവേഷക വിദ്യാര്‍ഥിനിയാണ് ടി. ജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയില്‍നിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാന്‍ ലസിത കെ എസ് ആര്‍ ടി സി ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് ലസിത കണ്ടക്ടര്‍ക്ക് നല്‍കിയത്. 183 രൂപയുടെ ടിക്കറ്റിനൊപ്പം 17 രൂപ ചില്ലറയായി കണ്ടക്ടര്‍ ലസിതക്ക് നല്‍കി. ബാക്കിയുള്ള 300 രൂപ പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ടിക്കറ്റില്‍ എഴുതി നല്‍കി. യാത്രക്കിടെ ഉറങ്ങിപ്പോയ ലസിത, ഉണര്‍ന്നത് കൊല്ലം കോളേജ് ജങ്ഷനിലെ സ്റ്റോപ്പ് എത്താറായപ്പോഴാണ്. ഇറങ്ങാനുള്ള തിടുക്കത്തില്‍ ബാക്കി പണം വാങ്ങാന്‍ മറന്നുപോയി. കോളേജില്‍ എത്തിയപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി  വാങ്ങിയില്ലെന്ന കാര്യം ഓര്‍ത്തത്.

ആനവണ്ടിപ്രേമിയായ സുഹൃത്തിനെ വിളിച്ച് ലസിത വിവരം പറഞ്ഞു. ടിക്കറ്റിന്റെ ഫോട്ടോയും അയച്ചുനല്‍കി. ലസിതയുടെ സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ സഹിതം, കെ എസ് ആര്‍ ടി സി പ്രേമികളുടെ വാട്‌സാപ്പ് കൂട്ടായ്മയിലേക്ക് അയച്ചുനല്‍കി. അവിടെയുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ വൈകാതെ തന്നെ ലസിത യാത്ര ചെയ്ത ബസില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം ലസിതയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി. തൊട്ടടുത്ത് മിനിട്ടില്‍ തന്നെ ലസിതക്ക് ബാക്കിയായി ലഭിക്കേണ്ട 300 രൂപ സുഹൃത്തിന്റെ അക്കൗണ്ടിലെത്തി. ഈ പണം ഉടന്‍ തന്നെ ഗൂഗിള്‍ പേ വഴി ലസിതക്ക് കൈമാറുകയും ചെയ്തു.

 

Latest News