Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദിലീപ് നിരപരാധിയാണെന്ന തന്റെ വാക്കുകള്‍ പഴയതെന്ന് സംവിധായകന്‍ ലാല്‍

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന് സംവിധായകന്‍ ലാല്‍ പറയുന്ന ഓഡിയോ സന്ദേശത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ലാല്‍ തന്നെ രംഗത്തുവന്നു. നാല് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങളാണ് തന്റെ ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പ് കണ്ടതിനു ശേഷം 'അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു' എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
'പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാവുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടിവന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണ്. എന്നാല്‍ നാല് വര്‍ഷം മുന്‍പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്ന് ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാട് പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യവര്‍ഷങ്ങളും എന്റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടുമാണ്.
ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസ് ഉണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷേ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല.
എന്റെ ഈ കുറിപ്പ് കണ്ടതിനു ശേഷം 'അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു' എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ഥിച്ചുകൊണ്ട്, യഥാര്‍ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ.. ഇരയ്ക്ക് നീതി ലഭിക്കട്ടെ.. പ്രാര്‍ഥനകളുമായി, ലാല്‍'. ്ഇങ്ങനെയാണ് ലാലിന്റെ കുറിപ്പ്. ്
ലാലിന്റെ സിനിമയുടെ ഡബ്ബിംഗിനായി വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെടുന്നത്. നടിയെ കൂട്ടിക്കൊണ്ടു വരാനായി പോയ ഡ്രൈവര്‍ മാര്‍ട്ടിനും കേസില്‍ പ്രതിയാണ്. അടുത്തിടെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിലും ലാലിന്റെ ഉടമസ്ഥതയിലുള്ള ലാല്‍മീഡിയയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ടു പോയി ശബ്ദം എന്‍ഹാന്‍സ് ചെയ്താണ് ഒരു വി ഐ പി ദിലീപിന്റെ വീട്ടില്‍ കൊണ്ടുവന്നതെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ വിഡിയോ ദിലീപും സഹോദരന്‍ അനൂപും സഹോദരീഭര്‍ത്താവ് സൂരജുമടക്കമുള്ളവര്‍ വി ഐ പിയുടെ സാന്നിധ്യത്തില്‍ കണ്ടതായാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ലാല്‍ മീഡിയയില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ലാല്‍ മീഡിയയിലെ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ലാല്‍മീഡിയയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

 

 

Latest News