Sorry, you need to enable JavaScript to visit this website.

കാറില്‍ കടത്തിയ 1.52 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കാസര്‍കോട്- കാറില്‍ കടത്തുകയായിരുന്ന 1.52 കോടി രൂപ വിലമതിക്കുന്ന 3111.60 ഗ്രാം 24 കാരറ്റ് സ്വര്‍ണം കാസര്‍കോട് കസ്റ്റംസ് പിടികൂടി. 29 ന് വൈകിട്ടാണ് കാസര്‍കോട് കസ്റ്റംസ് സ്വര്‍ണ്ണവേട്ട നടത്തിയത്. കര്‍ണാടക രജിസ്ട്രേഷന്‍ ടൊയോട്ട ലിവ കാറിന്റെ ഗിയര്‍ ബോക്‌സിന് സമീപം പ്രത്യേകം തയാറാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി വാഹനത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. കാഞ്ഞങ്ങാട്-കാസര്‍കോട് ചന്ദ്രഗിരി കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ ഭാഗത്തുനിന്ന്  വരുന്നതിനിടെയാണ് ചന്ദ്രഗിരി പാലത്തിന് വടക്കുഭാഗത്ത് കസ്റ്റംസ് ഓഫീസിന് സമീപം കസ്റ്റംസ് സംഘം വാഹനം തടഞ്ഞത്. മംഗളുരു കൊടിയാലഗട്ടു സ്വദേശി അഭിജിത് പ്രതാപ് ഇങ്ങലെയെ (31) അറസ്റ്റ് ചെയ്തു. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് കസ്റ്റംസ് ഓഫീസ്, കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.

പയ്യന്നൂര്‍ ഭാഗത്തുനിന്നു മംഗളുരു ഭാഗത്തേക്ക് കള്ളക്കടത്ത് സ്വര്‍ണം കടത്തികൊണ്ടുപോകുന്ന കാരിയര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായ അഭിജിത് പ്രതാപ് (31) എന്ന് പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്ന സ്വര്‍ണം സ്ഥിരമായി ഉടമസ്ഥന് എത്തിക്കുന്നയാളാണ് ഇത്. വാഹനം ഓടിച്ചിരുന്നത് പിടികൂടിയ ആളാണ്. മറ്റാരും വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് കസ്റ്റംസ് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

 

 

 

 

Latest News