ന്യുദൽഹി- മേഘാലയയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ് മുന്നേറുമ്പോഴും സർക്കാർ രൂപീകരിച്ച് അധികാരം നിലനിർത്തുന്ന കാര്യത്തിൽ പാർട്ടി ക്യാമ്പിൽ ആശങ്ക. പ്രാദേശിക പാർട്ടികളെ പാട്ടിലാക്കി ബി.ജെ.പി എൻ.ഡി.എ സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്നത് മുന്നിൽ കണ്ട് രണ്ടു തലമുതിർന്ന നേതാക്കളേയാണ് കോൺഗ്രസ് മേഘാലയയിലേക്ക് അയച്ചത്. അഹമദ് പട്ടേലും കമൽ റാമും ശനിയാഴ്ച രാവിലെ ഷില്ലോങിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശിക കക്ഷികളുമായി സഖ്യ ചർച്ചയാണ് പ്രധാന അജണ്ട. ഗോവയിലേയും മണിപ്പൂരിലേയും ദുരനുഭവം മുന്നിൽ കണ്ടാണ് ബദ്ധപ്പെട്ട് നേതാക്കളെ മേഘാലയയിലേക്ക് അയച്ചിരിക്കുന്നത്.
60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ ഗോവയിലും മണിപ്പൂരിലും നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയത് കോൺഗ്രസിന്റെ വലിയ വീഴ്ചയായി വിമർശിക്കപ്പെട്ടിരുന്നു. കൃത്യസമയത്ത് ഇടപെടാൻ കോൺഗ്രസ് ദേശീയ നേതൃത്വം ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം. മേഘാലയയിൽ ഇത് ആവർത്തിക്കാതിരിക്കാൻ വളരെ നേരത്തെ തന്നെ തലമുതിർന്ന നേതാക്കളെ അയക്കാനും പാർട്ടി ശ്രദ്ധിച്ചു.
59 സീറ്റുകളിൽ 23 ഇടത്താണ് കോൺഗ്രസ് മുന്നേറുന്നത്. ബിജെപി വെറും രണ്ട് സീറ്റിലും. ബിജെപി സഖ്യമായ നാഷണൽ പീപ്പിൾസ് പാർട്ടി 19 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ആറു സീറ്റിലും പീപ്പ്ൾസ് ഡെമോക്രാറ്റിക് പാർട്ടി നാലു സീറ്റിലും ലീഡ് ചെയ്യുന്നു. എൻസിപി ഒരിടത്തും സ്വതന്ത്രർ നാലിടത്തും മുന്നിലുണ്ട്. ഹിൽ സ്‌റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി രണ്ടിടത്തും ഖുൻ ഹിന്യൂട്രെപ് നാഷണൽ അവേക്കനിങ് മൂവ്‌മെന്റ് ഒരു സീറ്റിലും മുന്നിലുണ്ട്.
ഏറ്റവും കുടുതൽ സീറ്റുകൾ ലഭിച്ചെങ്കിലും സഭയിൽ ഭൂരിപക്ഷം നേടാനാവശ്യമായ കരുത്ത് നേടാൻ എൻ പി പിയെ മുൻ നിർത്തി ബിജെപി മറ്റു കക്ഷികളെ കൂടെ കൂട്ടാനുള്ള സാധ്യത ഏറെയാണ്. സഖ്യചർച്ചകൾ നടക്കുന്നുണ്ടെന്ന് ബിജെപി നേതാക്കൾ പറയുകയും ചെയ്തിട്ടുണ്ട്. ഇതു വിജയം കണ്ടാൽ എൻ പി പി, യു ഡി പി എന്നീ പാർട്ടികളെ കൂടെ കൂട്ടിയാകും ബിജെപി എൻഡിഎ സർക്കാർ രൂപീകരിക്കുക. കോൺഗ്രസിന്റെ നീക്കം എന്താകുമെന്ന് വ്യക്തമായിട്ടില്ല.