യോഗിയുടെ പേരില്‍ വ്യാജ ഇ മെയില്‍, ഒഡിഷയില്‍ മാധ്യമ പ്രവര്‍ത്തകന്‍ പിടിയില്‍

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡിയും കത്തും നിര്‍മിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒഡീഷയിലെ മാധ്യമപ്രവര്‍ത്തകനായ മനോജ് കുമാറിനെ ദല്‍ഹി പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രാദേശിക ദിനപത്രം നടത്തുന്നയാളാണ് മനോജ് കുമാര്‍. യോഗി ആദിത്യനാഥിന്റെ പേരില്‍ [email protected] എന്ന വ്യാജ ഇ-മെയില്‍ നിര്‍മിച്ച ഇയാള്‍ പത്രത്തിന് പരസ്യം ലഭിക്കാന്‍ വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. തന്റെ പത്രത്തിന് പരസ്യം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലില്‍നിന്ന് ഒട്ടേറെ പൊതുമേഖല കമ്പനികള്‍ക്കാണ് ഇയാള്‍ മെയില്‍ അയച്ചിരുന്നത്. യോഗി ആദിത്യനാഥിന്റെ വ്യാജമായ ഒപ്പും മെയിലില്‍ ഉപയോഗിച്ചിരുന്നു.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഒ.എന്‍.ജി.സി, ഗെയില്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വ്യാജ ഇ-മെയിലുകള്‍ ലഭിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യോഗിയുടെ അന്നത്തെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന രാജ്ഭൂഷണ്‍ സിങ് ദല്‍ഹി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഐ.പി. അഡ്രസ് പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ ഒഡീഷയില്‍നിന്ന് പിടികൂടിയത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മനോജ്കുമാറിനെതിരേ നേരത്തെ കട്ടക്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News