Sorry, you need to enable JavaScript to visit this website.

മറ്റന്നാള്‍  ധനമന്ത്രി നിര്‍മല കടലാസ്  രഹിത ബജറ്റ് അവതരിപ്പിക്കും 

ന്യൂദല്‍ഹി- ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2022-23 ലെ കേന്ദ്ര ബജറ്റ് കടലാസ് രഹിത രൂപത്തില്‍ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 202122 ലെ യൂണിയന്‍ ബജറ്റും കടലാസ് രഹിതമായിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും' മന്ത്രാലയം പുറത്തിറക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫെബ്രുവരി 11 വരെ നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും. ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തില്‍ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു.  പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. നോര്‍ത്ത് ബ്ലോക്കിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പുള്ള കാലയളവില്‍ എല്ലാ ഉദ്യോഗസ്ഥരും കഴിയുക. കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറത്തുപോകുന്നതില്‍ വിലക്കുണ്ട്. 
 

Latest News