മുറിയടച്ച് ഒരു മണിക്കൂര്‍ പെണ്ണു കാണല്‍, അവശയായ  പെണ്‍കുട്ടി ആശുപത്രിയില്‍, സംഘര്‍ഷം  

വടകര-സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം വിവിഹവുമായി ബന്ധപ്പെട്ട മാമൂലുകളും അനാചാരങ്ങളും പെരുകുകയാണ്. ഒരു പൊതുയോഗത്തിന് വേണ്ടത്ര ആളെത്തി മൂക്കറ്റം വിഴുങ്ങി പോകുന്നതും പതിവാണ്. അതിനിടയ്ക്കാണ് പെണ്ണുകാണാന്‍ വന്ന ചെക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. മാനസികമായി തളര്‍ന്ന്, അവശയായ യുവതിയെ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സ നടത്തി.  നാദാപുരത്തിനടുത്ത വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം. വിലാതപുരത്തുനിന്നുള്ളവരാണ് വാണിമേലില്‍ പെണ്ണ് കാണാനെത്തിയത്. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തി. സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി യുവതിയുമായി സംസാരിച്ചു. ബിരുദവിദ്യാര്‍ഥിയായ യുവതിയെ മുറിയുടെ കതകടച്ചാണ് ഒരു മണിക്കൂറിലധികം അഭിമുഖത്തിന് ' വിധേയയാക്കിയത്. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചു. എന്നാല്‍ കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെ രംഗം വഷളായി.യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥന്‍ സംഘത്തിലുള്ളവര്‍ക്കെതിരെ തിരിഞ്ഞു. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഇവരെ പോകാന്‍ അനുവദിച്ചു. ഈ പ്രശ്‌നം തീര്‍ന്നിട്ടില്ല. കാര്യങ്ങള്‍ കൈവിട്ടു പോകാതരിക്കാന്‍ വിവിധ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം ഇടപെടുനുണ്ട്. 

Latest News