മുംബൈ- ഭാര്യ പാചകം ചെയ്യുന്ന ഭക്ഷണത്തിന് രുചിയില്ലെന്നും ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം പോലും തരുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിവാഹ മോചനം തേടിയ ഭർത്താവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി തളളി. നേരത്തെ വിവാഹ മോചനം തടഞ്ഞ കുടുംബ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു 46കാരനായ ഭർത്താവ്. മുംബൈ സാന്താക്രൂസ് സ്വദേശിയായ യുവാവ് ഭാര്യക്കെതിരെ നിരവധി പരാതികളാണ് കോടതിയിൽ ഉന്നയിച്ചിരുന്നത്. അധ്യാപികയായ ഭാര്യ തന്റെ മാതാപിതാക്കളെ അപമാനിച്ചെന്നും സമയത്തിന് ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലന്നും ഈ ക്രൂരത പരിഗണിച്ച് വിവാഹ ബന്ധം വേർപ്പെടുത്തി നൽകണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
2005 ഫെബ്രുവരി 13നാണ് ദമ്പതികൾ വിവാഹിതരായത്. മോശം അനുഭവം കാരണം 2012ലാണ് വിവാഹ മോചനം തേടി ആദ്യമായി കോടതിയെ സമീപിച്ചത്. ജോലി കഴിഞ്ഞ് വൈകുന്നേരം ആറു മണിക്കെത്തുന്ന ഭാര്യ ഏതാനും മണിക്കൂറുകൾ ഉറങ്ങിയ ശേഷം രാത്രി 8.30നാണ് ഭക്ഷണം പാചകം ചെയ്യാറുള്ളത്. ഈ ഭക്ഷണം രുചിയുണ്ടാകാറില്ലെന്നു മാത്രമല്ല കഴിക്കാൻ ആവശ്യമായ അളവുമില്ലെന്നും ഭർത്താവ് പരാതിപ്പെടുന്നു. ജോലി കഴിഞ്ഞെത്തുന്ന തന്നോടൊപ്പം അൽപ്പ സമയം സൗഹൃദപരമായി ചെലവിടാനും ഭാര്യയെ കിട്ടാറില്ലെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു.
എന്നാൽ താൻ ഒരിക്കലും ഭർത്താവിനോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും അപമര്യാദ കാണിച്ചിട്ടില്ലെന്ന് ഭാര്യ മറുപടി നൽകി. ഭർത്താവിനു തനിക്കും കൊണ്ടു പോകാനുളള ഭക്ഷണം ഉണ്ടാക്കിയ ശേഷം വീട്ടിലെ മറ്റുള്ളവർക്കും കൂടിയുള്ള ഭക്ഷണം ഉണ്ടാക്കിയാണ് എന്നും അതിരാവിലെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങാറുള്ളതെന്ന് ഭാര്യ പറയുന്നു. സ്കൂളിലെ ജോലി ഭാരം കാരണമാണ് വൈകി എത്തുന്നതെന്നും തിരിച്ചെത്തിയാൽ ആദ്യം ചായ ഉണ്ടാക്കി കുടിച്ച ശേഷം പിന്നീട് വീട്ടുകാർക്ക് ഭക്ഷണം പാചകം ചെയ്തു നൽകാറുണ്ടെന്നും ഭാര്യ കോടതിയിൽ വ്യക്തമാക്കി.
ഭാര്യ ജോലിക്കാരി ആയതിനാലും ജോലി ഭാരം വഹിക്കുന്നതിനു പുറമെ ഭർത്താവിനു വീട്ടുകാർക്കും ഭക്ഷണം ഉണ്ടാക്കി നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയതിനാലും ഈ വിവാഹ മോചന ഹർജി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ആരോപണങ്ങളൊന്നും ക്രൂരതയായി പരിഗണിക്കാനാവില്ലെന്നും ഈ ഹർജിയിൽ മെറിറ്റ് ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.