സുവര്‍ണക്ഷേത്രത്തില്‍ ആരാണ് രാഹുലിന്റെ പോക്കറ്റടിച്ചത്, പഞ്ചാബില്‍ വിവാദം

ചണ്ഡീഗഢ്- സുവര്‍ണക്ഷേത്രത്തില്‍വെച്ച്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പോക്കറ്റടിച്ചുവെന്ന മന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ എം.പിയുമായ ഹര്‍സിമ്രത് കൗറിന്റെ ആരോപണം വിവാദമായി. ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍വെച്ച് ആരാണ് രാഹുല്‍ ഗാന്ധിയുടെ പോക്കറ്റടിച്ചെതന്ന ചോദ്യമാണ് മുന്‍മന്ത്രി ഉന്നയിച്ചത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനു പിന്നാലെ കോണ്‍ഗ്രസ് രംഗത്തുവന്നു.
ബുധനാഴ്ച പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അമൃത് സറിലെ സുവര്‍ണക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. അന്ന് രാത്രി ജലന്ധറിലെത്തിയ രാഹുല്‍ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്തു.
രാഹുല്‍ ഗാന്ധിയോടൊപ്പം മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചാന്നി, ഉപമുഖ്യമന്ത്രിമാരായ സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ, ഒ.പി.സോണി എന്നിവരാണുണ്ടായിരുന്നത്. ഇവരും സുവര്‍ണക്ഷേത്രത്തിലെത്തിയിരുന്നു.
ഈ മൂന്ന് പേര്‍ മാത്രമാണ് ഇസെഡ് സുരക്ഷയുള്ള രാഹുലിന്റെ സമീപത്തുണ്ടായിരുന്നതെന്നും ഇവരില്‍ ആരാണ് രാഹുലിന്റെ പോക്കറ്റെടിച്ചതെന്നുമാണ് ഹര്‍സിമ്രത് കൗറിന്റെ ട്വീറ്റ്. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും അവര്‍ നല്‍കിയിട്ടുമില്ല.
യാതൊരു സംഭവവുമില്ലാതെ ഇത്തരം കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മതകേന്ദ്രത്തെ അപീകര്‍ത്തിപ്പെടുത്തുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു.
രാഷ്ട്രീയ ഭിന്നതകള്‍ മനസ്സിലാക്കാമെങ്കിലും നേതാക്കള്‍ ഉത്തരവാദിത്തബോധവും പക്വതയും കാണിക്കണമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.  

 

Latest News