ഒട്ടാവ- വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും തലസ്ഥാനത്തെ വസതിയില്‍നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച പ്രതിഷേധമാണ് വ്യാപിച്ചിരിക്കുന്നത്.
അതിര്‍ത്തി കടക്കുന്ന ട്രക്കുകാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചത്.
കോവിഡ് വാക്‌സിന്‍ നിബന്ധനയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ട്രക്ക് ജീവനക്കാരും മറ്റു പ്രതിഷേധക്കാരും ശനിയാഴ്ച തലസ്ഥാന നഗരത്തില്‍ തടിച്ചകൂടിയിരുന്നു.
പ്രതിഷേധക്കാര്‍ കൊണ്ടുവന്ന കുട്ടികള്‍ക്കു പുറമെ, പ്രായമേറിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ പ്രധാന യുദ്ധസ്മാരകത്തിനു മുകളില്‍ കയറിവരെ നൃത്തം ചെയ്തത് വിമര്‍ശനത്തിനു കാരണമായി.
കടുത്ത ശൈത്യത്തിലും വന്‍ ജനക്കൂട്ടം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനാല്‍ പോലീസ് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.