Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ചെളിവാരിയേറും കരിങ്കൊടിയും

മീറത്തിലെ കര്‍നാവലില്‍ ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ പ്രതിഷേധം [അമർ ഉജാല]

മീറത്ത്- പടിഞ്ഞാറന്‍ യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു നാട്ടുകാരില്‍ നിന്ന് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിഷേധം. പലയിടത്തും കരിങ്കൊടിയും ചെളിവാരിയേറും കല്ലേറും പതിവായിരിക്കുകയാണ്. യുപി തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിലാണ് പടിഞ്ഞാറന്‍ യുപിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നും 14നും. ഇവിടെ പ്രചാരണം അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് 12ലേറെ സ്ഥാനാര്‍ത്ഥികള്‍ക്കു നേരെ ശക്തമായ പ്രതിഷേധം ഉണ്ടായത്. 

ജനുവരി 24ന് ചുര്‍ ഗ്രാമത്തില്‍ പ്രചാരണത്തിനെത്തിയ ബിജെപി ശിവല്‍ഖാസ് മണ്ഡലം സ്ഥാനാര്‍ത്ഥി മഹിന്ദര്‍പാൽ സിൻഹിനെതിരെ ആക്രമണവും ഉണ്ടായി. സംഭവത്തില്‍ പോലീസ് 20 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തിരിച്ചറിയാത്ത 65 പേരേയും പ്രതിചേര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പരാതിയൊന്നും നല്‍കിയിരുന്നില്ല. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കല്ലേറില്‍ സ്ഥാനാര്‍ത്ഥിയുടെ സംഘത്തോടൊപ്പമുണ്ടായിരുന്ന ഏഴ് കാറുകള്‍ക്ക് നാശങ്ങളുണ്ടായി. അക്രമിച്ചവര്‍ നമ്മുടെ ആളുകളാണെന്നും അവര്‍ക്ക് മാപ്പു നല്‍കുന്നതായും ജനാധിപത്യപരമായി വോട്ടു ചോദിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും സ്ഥാനാര്‍ത്ഥി മഹിന്ദർപാൽ പറഞ്ഞു. 

ഖടൗലി മണ്ഡലത്തില്‍ മത്സരിക്കുന്ന സിറ്റിങ് ബിജെപി എംഎല്‍എ വിക്രം സൈനിയെ വ്യാഴാഴ്ച ഒരു സംഘം കര്‍ഷകര്‍ ബിജെപി വിരുദ്ധ മു്ദ്രാവാക്യവുമായി വളഞ്ഞിരുന്നു. ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകരെ സൈനി തീവ്രവാദികളെന്നും ഖലിസ്ഥാനികളെന്നും വിളിച്ചിരുന്നു. ഇതേ മണ്ഡലത്തിലെ മുനവര്‍ കലാനിലും സൈനി സമാന പ്രതിഷേധം നേരിട്ടിരുന്നു. 

ബാഗ്പതിലെ ഛപ്രോളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സഹേന്ദ്ര രാമലയ്‌ക്കെതിരെ വെള്ളിയാഴ്ച ദാഹ ഗ്രാമത്തില്‍ ആളുകള്‍ കരിങ്കൊടി വീശി. ഇതേ ദിവസം തന്നെ നിരുപഡ ഗ്രാമത്തില്‍ നാട്ടുകാര്‍ അദ്ദേഹത്തെ വഴിതടയുകയും ചെയ്തിരുന്നു. 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ മണ്ഡലങ്ങളെല്ലാം ബിജെപി തൂത്തൂവാരിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപിക്കെതിരായ വികാരം ഇവിടെ ശക്തമാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന സമരമാണ് ഇവിടെ വോട്ടര്‍മാരെ പ്രധാനമായും ബിജെപിക്കെതിരെ തിരിച്ചത്. 

സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ചേര്‍ന്നുള്ള സഖ്യത്തിന് പടിഞ്ഞാറന്‍ യുപിയിലെ നിര്‍ണായക വോട്ടു ബാങ്കുകളായ യാദവ, മുസ്ലിം, ജാട്ട് സമുദായങ്ങളുടെ പിന്തുണയുണ്ട്. ഇത് ബിജെപി വോട്ടുകളിലും ചോര്‍ച്ചയുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 2013ല്‍ മുസഫര്‍നഗറിലുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തെ തുടര്‍ന്ന് മുസ്ലിം ജാട്ട് സമുദായങ്ങള്‍ക്കിടയില്‍ വലിയ വിള്ളലുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ബിജെപി 2017ല്‍ ഇവിടെ തൂത്തുവാരിയത്. മുസഫര്‍നഗറിലെ ബിജെപി നേതാക്കള്‍ ഈ കാലപക്കേസില്‍ പ്രതികളായിരുന്നു. മുസ്ലിം-ഹിന്ദു ഭിന്നിപ്പുണ്ടാക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത കലാപമായാണ് മുസഫര്‍നഗര്‍ കലാപം വിലയിരുത്തപ്പെടുന്നത്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ കാലപക്കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരായ പല കേസുകളും പിന്‍വലിക്കപ്പെട്ടിരുന്നു.

Latest News