ഭര്‍ത്താവിനെ കൊന്ന കേസില്‍ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്

ജംഷഡ്പൂര്‍- മൂന്ന് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിക്കും കാമുകനും മറ്റൊരു പ്രതിക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ശ്വേത ദാസ്, കാമുകന്‍ സുമിത് സിങ്, സഹായി സോനു ലാല്‍ എന്നിവരേയാണ് അഡീഷനല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്. മൂന്ന് പ്രതികള്‍ക്കും കോടതി 7000 രൂപ പിഴയും ചുമത്തി. ജംഷഡ്പൂരിലെ ടെല്‍കോയില്‍ 2019 ജനുവരി 12ന് തപന്‍ ദാസ് കൊല്ലപ്പെട്ട കേസിലാണ് വിധി. കൊന്ന ശേഷം പ്രതികള്‍ തപന്‍ ദാസിന്റെ മൃതദേഹം റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച് ഓട്ടോറിക്ഷയില്‍ ബാരബങ്കിയിലേക്ക് കൊണ്ടു പോയി കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം പ്രദേശ വാസികളാണ് മൃതദേഹം കണ്ടത്. കേസന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. തപന്‍ ദാസും ഭാര്യ ശ്വേതയും താമസിച്ചിരുന്ന അപാര്‍ട്‌മെന്റിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കേസിനു തുമ്പ് ലഭിച്ചത്.

Latest News