കൊച്ചി- മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതനുവദിച്ചാല്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനു ഫീസ് ഈടാക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് കോടതി പരാമര്‍ശിച്ചു. ഇടപ്പള്ളി ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരേ ബോസ്‌കോ ലൂയിസ്, പോളി വടക്കന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം. പാര്‍ക്കിംഗ് സൗകര്യം ഉറപ്പുവരുത്തിയാണ് കെട്ടിട നിര്‍മാണത്തിനു മുനിസിപ്പാലിറ്റി അനുമതി നല്‍കുന്നതെന്നും അതിനാല്‍ പാര്‍ക്കിംഗിന് അധിക തുക ഈടാക്കുന്നതു ശരിയല്ലെന്നും കോടതി വിലയിരുത്തി. പാര്‍ക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന്‍ ഒരിക്കല്‍ പോലും മാളില്‍ പോയിട്ടില്ലാത്തയാളാണെന്നു മാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പൊതു വിഷയങ്ങളില്‍ വ്യക്തികള്‍ക്കു ഇടപെടുന്നതിനു തടസമില്ലെന്നു കോടതി മറുപടി പറഞ്ഞു. പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹരജികളിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ വിശദമായ എതിര്‍വാദം സമര്‍പ്പിക്കുന്നതിനു സമയം വേണമെന്നു കേസിലെ എതിര്‍കക്ഷികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുര്‍ന്നു ഹരജി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.