ന്യൂദല്‍ഹി- പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനാകില്ലെന്നു സുപ്രീംകോടതി. പ്രാതിനിധ്യക്കുറവ് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ കോടതിക്കു മുന്നോട്ടു വെക്കാനാകില്ല. പ്രാതിനിധ്യം ഉണ്ടോ എന്നു വ്യക്തമാക്കുന്ന വിവര ശേഖരണം നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന മുന്‍വിധികള്‍ ചൂണ്ടിക്കാട്ടുകയാണ് സുപ്രീംകോടതി ചെയ്തത്.
ഏതെങ്കിലും ഒരു വിഭാഗത്തെ ഒന്നായി എടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ അല്ല പ്രാതിനിധ്യം സ്ഥിരീകരിക്കേണ്ടത്. മറിച്ച് ഉദ്യോഗക്കയറ്റം ആവശ്യപ്പെടുന്ന കേഡറില്‍ അല്ലെങ്കില്‍ വിഭാഗത്തില്‍ മതിയായ പ്രാതിനിധ്യം ഉണ്ടോ എന്നാണു പരിശോധിക്കേണ്ടത്. പ്രാതിനിധ്യം സംബന്ധിച്ചു വിവരം ശേഖരിക്കുമ്പോള്‍ കേഡര്‍ തന്നെയാണ് അടിസ്ഥാനമാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംവരണം അടിസ്ഥാനമാക്കിയുള്ള സ്ഥാനക്കയറ്റത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉള്ളത് കൊണ്ട് നിരവധി നിയമനങ്ങള്‍ തടസപ്പെട്ടു കിടക്കുകയാണെന്നും ഇക്കാര്യത്തില്‍ എത്രയും വേഗം തീര്‍പ്പു കല്‍പിച്ചു നല്‍കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ വാദം കേട്ട ശേഷം ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കഴിഞ്ഞ ഒക്ടോബറില്‍ വിധി പറയനായി മാറ്റി വെക്കുകയായിരുന്നു.
സ്ഥാനക്കയറ്റം സംവരണത്തിന് പ്രാതിനിധ്യക്കുറവിന്റെ കണക്ക് വേണമെന്നത് ഇന്ദിര സാഹ്നി, എം. നാഗരാജ്, ജര്‍ണയില്‍ സിംഗ് കേസുകളിലെ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി. വ്യക്തിഗതമായ കേസുകളില്‍ കോടതി പ്രത്യേകിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്ന് ജസ്റ്റീസ് നാഗേശ്വര റാവു വ്യക്തമാക്കി.
സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ബാധ്യത സംസ്ഥാനങ്ങള്‍ക്ക് ഇല്ല എന്നും നേരത്തെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണം എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എങ്കില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വ്യക്തമാക്കുന്ന കണക്കുകള്‍ വ്യകത്മാക്കേണ്ടി വരും. ഇതിനായി വേണ്ടി വന്നാല്‍ ഒരു കമ്മീഷനെയോ മറ്റ് അധികൃതരെയോ ചുമതലപ്പെടുത്താം. എന്നാല്‍, പിന്നീട് ഈ വിവരങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഈ കണക്കുകള്‍ വ്യക്തമാക്കേണ്ടി വരുമെന്നും 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരാഖണ്ഡിലെ സംവരണ വിഷയുമായി ബന്ധപ്പെട്ട കേസിന്റെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.
പട്ടിജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയില്ലെന്നും നല്‍കുകയാണെങ്കില്‍ പ്രാതനിധ്യക്കുറവ് പരിശോധിച്ചു വേണമെന്നുമായിരുന്നു അന്ന് ജസ്റ്റീസ് നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.






