യുഎസ് പ്രസിഡന്റ് ബൈഡന്‍ മനുഷ്യ കോലത്തിലുള്ള പാവക്കളികോപ്പെന്ന് ഇലന്‍ മസ്‌ക്

വാഷിങ്ടന്‍- അമേരിക്കയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്ന് ടെസ്‌ല മേധാവി ഇലന്‍ മസ്‌ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജനറല്‍ മോട്ടോഴ്‌സ്, ഫോഡ് മോട്ടോഴ്‌സ് പോലുള്ള കമ്പനികള്‍ അമേരിക്കയില്‍ മുമ്പത്തേക്കാളേറെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട് എന്ന ബൈഡന്റെ ട്വീറ്റിലാണ് ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയെ പരാമര്‍ശിക്കാതെ പോയത്. ബൈഡന്റെ ട്വീറ്റിന് മറുപടിയായ മസ്‌ക് വലിയ അക്ഷരത്തില്‍ ടെസ്‌ല എന്ന് കുറിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ട്വീറ്റില്‍ ബൈഡനെ മനുഷ്യ രൂപത്തിലുള്ള നനഞ്ഞ പാവക്കളിക്കോപ്പ് എന്നും വിശേഷിപ്പിച്ചു. എന്നിട്ടും മസ്‌കിന്റെ കലി തീര്‍ന്നില്ല. ബൈഡന്‍ അമേരിക്കക്കാരെ വിഡ്ഢികളെ പോലെയാണ് കാണുന്നതെന്നും മറ്റൊരു ട്വീറ്റ് കൂടി തൊടുത്തു വിട്ടു. 

ദിവസങ്ങള്‍ക്ക് മുമ്പ് ബൈഡന്‍ ജിഎം മോട്ടോഴാസ്, ഫോര്‍ഡ് മോട്ടോര്‍ എന്നീ കമ്പനികളുടെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2030ഓടെ യുഎസില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഒപ്പിട്ട വേളയില്‍ കഴിഞ്ഞ വര്‍ഷവും ഈ കമ്പനികളെ ബൈഡന്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അന്നും ഇലന്‍ മസ്‌കിനെ ക്ഷണിച്ചിരുന്നില്ല. ബൈഡന്‍ യൂനിയനുകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹത്തിന് മുന്‍വിധിയുള്ള പോലെ തോന്നുന്നുവെന്നും ഇലന്‍ മസ്‌ക് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
 

Latest News