Sorry, you need to enable JavaScript to visit this website.

സൗദിയിലെ ആദ്യ കാര്‍ അസംബ്ലി യൂനിറ്റിന് ജുബൈലില്‍ ശിലാസ്ഥാപനം

സൗദിയിലെ ആദ്യ കാര്‍ അസംബ്ലി യൂനിറ്റിന്റെ ശിലാസ്ഥാപന ചടങ്ങ്.

ദമാം - സൗദിയിലെ ആദ്യ കാര്‍ അസംബ്ലി യൂനിറ്റിന് ജുബൈല്‍ റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അഹ്‌മദ് ബിന്‍ സൈദ് ആലുഹുസൈന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. സൗദിയിലെ ആദ്യത്തെ വാഹന നിര്‍മാണ കമ്പനിയായ സൗദി നാഷണല്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കമ്പനിയാണ് ദക്ഷിണ കൊറിയയിലെ വാഹന ഭീമനായ സംഗ്‌യോംഗ് കോര്‍പറേഷനുമായി സഹകരിച്ച് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കാര്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നത്.
ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഏറെ ഗുണം ചെയ്യുന്ന ഇത്തരം വ്യവസായങ്ങളെ ജുബൈല്‍ റോയല്‍ കമ്മീഷന്‍ പിന്തുണക്കുന്നതായി കമ്മീഷന്‍ സി.ഇ.ഒ അഹ്‌മദ് ബിന്‍ സൈദ് ആലുഹുസൈന്‍ പറഞ്ഞു. സൗദിയില്‍ കാര്‍ നിര്‍മാണ മേഖലയിലെ ആദ്യ ചുവടുവെപ്പാണിതെന്ന് സൗദി നാഷണല്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കമ്പനി സി.ഇ.ഒ ഫഹദ് അല്‍ദുഹൈശ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പതിനഞ്ചു ശതമാനം പ്രാദേശിക ഉള്ളടക്കത്തോടെ രണ്ടിനം കാറുകളാണ് ജുബൈല്‍ പ്ലാന്റില്‍ അസംബ്ലി ചെയ്ത് നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ വാഹന ഭാഗങ്ങളുടെ 30 മുതല്‍ 40 ശതമാനം വരെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ നിര്‍മിക്കും. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ 50 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കും. 30 കോടി നിക്ഷേപത്തോടെയാണ് ആദ്യ ഘട്ടം നടപ്പാക്കുന്നതെന്നും ഫഹദ് അല്‍ദുഹൈശ് പറഞ്ഞു.
കാര്‍ നിര്‍മാണ പരിയസമ്പത്ത് സൗദി നാഷണല്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് മാറ്റാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ദക്ഷിണ കൊറിയയിലെ സംഗ്‌യോംഗ് കോര്‍പറേഷന്‍ ടെക്‌നിക്കല്‍ പ്രസിഡന്റ് ചംഗ് വന്‍ കിം പറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ നിരവധി നിക്ഷേപ കരാറുകള്‍ ഒപ്പുവെച്ചു. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി കാര്‍ അസംബ്ലി പ്ലാന്റില്‍ ആകെ 70 കോടി റിയാലിന്റെ നിക്ഷേപങ്ങളാണ് നടത്തുക. ഉല്‍പാദനം ആരംഭിച്ച് മൂന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം 30,000 കാറുകള്‍ ഇവിടെ നിര്‍മിക്കും.

 

 

 

Latest News