Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

ഗുലാമോ ആസാദോ?


വെറുമൊരു പദ്മഭൂഷൺ കൊണ്ട് ഈ നിർണായക തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ വീണ്ടും രണ്ടു തട്ടിലാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഗുലാംനബി ആസാദ് സ്വതന്ത്രനോ അടിമയോ എന്ന് തീരുമാനിക്കാനാണ് നേതാക്കൾക്ക് താൽപര്യം. ദേശീയ ബഹുമതിയിൽ നിലപാട് വ്യക്തമാക്കാൻ ഗുലാമിനും ആകുന്നില്ല. ഈ നിസ്സഹായാവസ്ഥ തന്നെയാണ് കോൺഗ്രസിന്റെ പ്രതിസന്ധി. അതിന്റെ രാഷ്ട്രീയ ആത്മാവ് എന്നേ നഷ്ടമായിരിക്കുന്നു.

 

കോൺഗ്രസിന്റെ കാര്യം എന്തു പറയാനാണ്. ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊക്കെയാണ് പത്രക്കാർ കോൺഗ്രസിനെക്കുറിച്ച് എഴുതാറ്. പക്ഷേ ആത്മവിശ്വാസത്തോടെ മുന്നേറാൻ ശ്രമിക്കുമ്പോൾ, ആ പാർട്ടിയെ പിടിച്ചുകെട്ടാൻ, പിളർത്താൻ ഒക്കെ ഒരു പദ്മഭൂഷൺ മാത്രം മതിയെന്ന് തിരിച്ചറിയുമ്പോഴാണ് കോൺഗ്രസിന്റെ ആന്തരിക ദൗർബല്യത്തിന്റെ ആഴം വ്യക്തമാകുക.
ഗുലാം നബി ആസാദിന് പദ്മഭൂഷൺ നൽകിയത് വലിയൊരു രാഷ്ട്രീയ ചുവടുവെപ്പാണെന്ന് മനസ്സിലാകാത്ത കൊച്ചുകുട്ടികൾ പോലും ഉണ്ടാവില്ല. എന്നാൽ രാഷ്ട്രീയ അനുഭവ ജ്ഞാനത്തിന്റെ പതിറ്റാണ്ടുകൾ സ്വന്തമായുള്ള കോൺഗ്രസിലെ താപ്പാനകൾ അതിൻമേൽ കിടന്നുരുളുമ്പോൾ സഹതാപമാണ് തോന്നുന്നത്. ഗുലാം നബിയുടെ നേട്ടത്തെ ഇകഴ്ത്തിയും പുകഴ്ത്തിയും രണ്ടു ഗ്രൂപ്പായി തിരിയാനാണ് പാർട്ടി ഔത്സുക്യം കാണിച്ചത്.

ഗ്രൂപ്പ് 23 എന്ന് അറിയപ്പെടുന്ന, വിമതരാണോ അല്ലേ എന്ന് ഇനിയും തിരിച്ചറിയാൻ കഴിയാത്ത കോൺഗ്രസിലെ കാലാൾപടയുടെ ഒരു രാഷ്ട്രീയ നീക്കമായിരിക്കാം ഗുലാം നബിയുടെ പദ്മഭൂഷൺ. അല്ലെങ്കിൽ കശ്മീരിന്റെ സവിശേഷ സാഹചര്യത്തിൽ ബി.ജെ.പിയുടെ സമർഥമായ ഒരു രാഷ്ട്രീയ നീക്കമായിരിക്കാം. മണ്ഡല വിഭജനം പൂർത്തിയാകുന്നതോടെ കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും അമിത് ഷാ ഇടക്കിടെ പറയുന്നുണ്ട്. രാജ്യവും ലോകവും ശ്രദ്ധിക്കുന്ന ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ കിട്ടുന്നത് ബി.ജെ.പിക്ക് തീർച്ചയായും ഗുണം ചെയ്യും. കശ്മീരിയായ ഗുലാം നബിയിൽ ബി.ജെ.പി കണ്ണുവെച്ചെങ്കിൽ അത്ഭുതപ്പെടാനില്ല.

ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞ്, ബുദ്ധദേവ് ഭട്ടാചാര്യയെപ്പോലെ ഈ പുരസ്‌കാരം തനിക്ക് വേണ്ട എന്ന് ആർജവത്തോടെ പ്രഖ്യാപിക്കാൻ ഗുലാം നബിക്ക് കഴിയാത്തത്, കശ്മീരിലെ തന്റെ രാഷ്ട്രീയ സാധ്യതകൾക്ക് മങ്ങലേൽപിക്കാൻ അദ്ദേഹം തയാറാകുന്നില്ല എന്നതിന്റെ സൂചനയാണ്. രാജ്യസഭയിലെ കോൺഗ്രസ് വിപ്പ് ജയ്‌റാം രമേശിന്റെ ചാട്ടുളി പോലുള്ള പരിഹാസം ഗുലാമിനെ വേദനിപ്പിച്ചെങ്കിൽ അത്ഭുതമില്ല. വാഴ്ത്തുപാട്ടുമായി കപിൽ സിബലും ശശി തരൂരും അടക്കമുള്ളവർ രംഗത്തു വന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇവരെല്ലാം ഗ്രൂപ്പ് 23 കാരാണല്ലോ. ബി.ജെ.പി ഉദ്ദേശിച്ച ഇലയനക്കം എന്തായാലും ഈ നിർണായക തെരഞ്ഞെടുപ്പ് വേളയിൽ ഒരു പദ്മഭൂഷൺ കൊണ്ട് നേടിയെടുക്കാനായി.

പാർട്ടിയുടെ കാവൽ ഭടന്മാർ അവിടെയുമിവിടെയുമായി കുരക്കുന്നുവെങ്കിലും യജമാനൻ നിശ്ശബ്ദനാണ്. പ്രതിദിനം ഒന്നോ രണ്ടോ ട്വീറ്റുകളെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന രാഹുലിന് ഗുലാം നബിയെ അഭിനന്ദിക്കാനോ ഇകഴ്ത്താനോ തോന്നിയില്ല. ഗുലാം നബിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് പുരസ്‌കാരം നൽകാൻ തയാറായ മോഡിയെക്കുറിച്ചെങ്കിലും രണ്ടു വരി എഴുതാമായിരുന്നു. ചങ്കിന് കൊള്ളുന്ന രീതിയിൽ ട്വിറ്റർ പോസ്റ്റുകളിടാൻ കഴിയുന്നവർ രാഹുലിന്റെ ഓഫീസിലുണ്ടല്ലോ. രാഹുലിന്റെ അഥവാ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ മഹാമൗനവും ജയ്‌റാം രമേശിന്റെ പരിഹാസവുമെല്ലാം പാർട്ടിയുടെ ഉന്നതതലത്തിൽ അതിശക്തമായി നിലനിൽക്കുന്ന വിള്ളലിന്റെയും ഭിന്നതയുടെയും ഭാഗമാണ്.

എല്ലാവരും കാത്തിരിക്കുന്നത് പത്രക്കാർ ആലങ്കാരികമായി സെമിഫൈനൽ എന്നൊക്കെ വിളിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർഥികളൊക്കെ പത്രിക നൽകും മുമ്പെ മറുകണ്ടം ചാടുന്ന ഉത്തർപ്രദേശിൽ പാർട്ടിയുടേത് ദയനീയ പ്രകടനമായിരിക്കും എന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിനോട് ചേർന്ന് അഖിലേഷ് യാദവ് നടത്തിയ ബ്രഹ്മാണ്ഡ പ്രകടനത്തിന് പണി കിട്ടിക്കൊണ്ടിരിക്കുന്നത് കോൺഗ്രസിനാണ്. യു.പിയിലെ പ്രമുഖ നേതാവായ ആർ.പി.എൻ. സിംഗ് കൂടി പാർട്ടി വിട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ് കോൺഗ്രസ്. പ്രിയങ്കാഗാന്ധിയുടെ ആശയങ്ങളെ ഒന്നാകെ പൊളിച്ചടുക്കുകയാണ് അമിത് ഷാ. പാർട്ടിയുടെ മുഖങ്ങളായി മുന്നിൽ നിർത്താൻ കൊണ്ടുവന്നവരെയടക്കം അദ്ദേഹം ഈസിയായി തട്ടിക്കൊണ്ടുപോകുന്നു. രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ് ആർ.പി.എൻ എന്നോർക്കണം.

ഉത്തർപ്രദേശിലെ പ്രകടനത്തോടെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തിപ്രാപിക്കാനാണ് സാധ്യത. പാർട്ടിക്ക് മുഴുസമയ അധ്യക്ഷൻ വേണമെന്ന ആവശ്യമാണ് ഗ്രൂപ്പ് 23 നേതാക്കൾ ഉയർത്തുന്നത്. ഈ  ആവശ്യം അന്യായമാണെന്ന് ആരും പറയില്ല. ഏതാനും വർഷമായി സ്ഥാനമാനങ്ങളൊന്നുമില്ലാതെ, പാർട്ടിയുടെ ബോസായി കളിക്കുകയാണ് രാഹുൽ. എന്താണ് പാർട്ടി അധ്യക്ഷ പദം ഏറ്റെടുക്കാതെയുള്ള ഈ കളിയുടെ അർഥമെന്ന് ആർക്കും പിടികിട്ടുന്നില്ല. രാഹുൽ അല്ലാതെ മറ്റാരെങ്കിലും ആ ചുമതല ഏറ്റെടുക്കാൻ രാഹുൽ ബ്രിഗേഡ് അനുവദിക്കുകയുമില്ല. ചുരുക്കത്തിൽ പാർട്ടിയിലെ വിരുദ്ധ ഗ്രൂപ്പുകളുടെ സമ്മർദം താങ്ങാനുള്ള ശേഷിയില്ലായ്മ തന്നെയായിരിക്കാം രാഹുലിനെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്.

ആഭ്യന്തര ജനാധിപത്യമെന്നൊക്കെ കേൾക്കാൻ സുഖമുണ്ടെങ്കിലും കോൺഗ്രസിൽ ഒരു കാലത്തും അത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയില്ല. ഗാന്ധി കുടുംബത്തെ മുന്നിൽ നിർത്തി തങ്ങൾക്ക് നേടാനുള്ളത് നേടുക എന്ന ചെറിയ ലക്ഷ്യം മാത്രമാണ് ഭൂരിപക്ഷം നേതാക്കൾക്കുമുള്ളത്. അതിനാൽ ഗാന്ധി കുടുംബത്തെ ചിത്രത്തിൽനിന്ന് മായ്ച്ചുകളയാൻ അവർ തയാറാകില്ല. ബി.ജെ.പിയിലെപ്പോലെ, കേന്ദ്ര നേതൃത്വം കോൺഗ്രസിൽ പഴയ പോലെ ശക്തമല്ലതാനും. മറുവാക്കില്ലാത്ത നേതാക്കളല്ല രാഹുലും പ്രിയങ്കയും. അവരുടെ നിയന്ത്രണത്തിൽ നിൽക്കാൻ തയാറല്ലാത്ത നല്ലൊരു വിഭാഗം കോൺഗ്രസിൽ ശക്തമായുള്ള സ്ഥിതിക്ക് രാഹുലിന് സ്വതന്ത്രമായി പ്രവർത്തിക്കുക അസാധ്യമാണ്. ഇതൊക്കെയാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷൻ എന്ന ആവശ്യത്തിലേക്ക് നയിക്കുന്നത്. 

എന്നാൽ കരിഷ്മയുള്ള നേതാക്കളെ ചുറ്റിപ്പറ്റി മാത്രം പാർട്ടി പ്രവർത്തനം സാധ്യമായ കോൺഗ്രസിൽ അത്തരമൊരു നീക്കം ഉണ്ടാക്കുന്ന പ്രത്യാഘാതവും വലുതായിരിക്കും. വിശ്വസിച്ച് ഏൽപിക്കാൻ അങ്ങനെയൊരു നേതാവൊട്ടില്ലതാനും. ഗോവയിൽ ചെയ്തതുപോലെ പള്ളിയിലോ അമ്പലത്തിലോ ഒക്കെ കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിച്ചാൽ പോലും അവസരം വന്നാൽ മറുകണ്ടം ചാടാൻ സാധ്യതയുള്ള ഭൈമീകാമുകൻമാരാണ് ഭൂരിഭാഗവും. ഈ നിസ്സഹായാവസ്ഥയിലേക്കാണ് ഗുലാം നബിയുടെ പദ്മഭൂഷൺ പോലുള്ള എണ്ണ കൂടി ബി.ജെ.പി പകർന്നുകൊടുക്കുന്നത്. എരിതീ ആളിപ്പടരാൻ വേറെ കാരണമെന്തു വേണം?

ജയ്‌റാം രമേശിന്റെ തമാശ ആസ്വദിക്കാൻ കോൺഗ്രസിൽ അധികം നേതാക്കളൊന്നുമില്ല. കപിൽ സിബൽ തുറന്നു തന്നെ അഭിപ്രായം പറഞ്ഞു. ശശി തരൂരും ഗുലാമിനെ അഭിനന്ദിച്ചു. അശ്വിനി കുമാർ ജയ്‌റാമിനെ കുറ്റപ്പെടുത്തി. ഒരു സഹപ്രവർത്തകന്റെ നേട്ടത്തിൽ ഇത്ര വില കുറഞ്ഞ വാക്കുകൾ ഉപയോഗിക്കരുതെന്നാണ് മറ്റു ചില നേതാക്കൾ ഉപദേശിച്ചത്. കോൺഗ്രസിന് പുറത്തുള്ള ചില നേതാക്കളും ഗുലാമിന് പിന്തുണയുമായെത്തി. ശിവസേനയുടെ പ്രിയങ്ക ചതുർവേദി പറഞ്ഞത്, ഒരു ദേശീയ ബഹുമതിയെ നിഷേധിക്കുന്നവരെ ആസാദികളായും (സ്വതന്ത്രർ) സ്വീകരിക്കുന്നവരെ ഗുലാമുകളായും (അടിമ) ചിത്രീകരിക്കുന്നത് ആ ദേശീയ ബഹുമതിയോട് കാട്ടുന്ന അനാദരവ് ആണെന്നാണ്. പ്രതിപക്ഷ നേതാക്കൾ ഇപ്രകാരം ആദരിക്കപ്പെടുന്നത് ഇതാദ്യമല്ലെന്നും അവസാനത്തേതായിരിക്കില്ലെന്നും അവർ ഓർമിപ്പിക്കുന്നു. സങ്കുചിത ചിന്താഗതി പാടില്ലെന്ന ഉപദേശമാണ് ചതുർവേദി നൽകുന്നത്.

ഗുലാം നബിയുടെ സേവനങ്ങളെ രാഷ്ട്രം അംഗീകരിക്കുന്നുവെന്നും എന്നാൽ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം വേണ്ടാതായിരിക്കുന്നുവെന്നുമാണ് കപിൽ സിബൽ പരിതപിച്ചത്. കുറച്ചു നാളുകളായി കോൺഗ്രസ് തന്നോടു കാട്ടുന്ന നിസ്സഹകരണത്തിന് ഒരു പദ്മയിലൂടെ മറുപടി നൽകാനാവും ഗുലാമിന്റെ ശ്രമം. എന്നാലത് രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണമായ വെല്ലുവിളിയുയർത്തുന്ന ഒരു പാർട്ടിയുടെ ഔദാര്യമായി മാറുമ്പോൾ, മഹത്വമല്ല അപമാനമാണ് ഉണ്ടാകുക. ഭരണകക്ഷിയുടെ പ്രവൃത്തികളുടെ രാഷ്ട്രീയ കൽപനകൾ മനസ്സിലാക്കുമ്പോഴാണ് അർഥപൂർണമായി അതിനെ വിമർശിക്കാൻ കഴിയുക. ദേശീയ ബഹുമതിയെ സ്വീകരിച്ചുകൊണ്ട് തന്നെ അതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യങ്ങളെ സംശയ രഹിതമായി തള്ളിക്കളയാൻ ഗുലാമിന് കഴിഞ്ഞിരുന്നെങ്കിൽ! കോൺഗ്രസിന് നഷ്ടപ്പെടുന്നത് അതിന്റെ രാഷ്ട്രീയ ആത്മാവ് തന്നെയാണ് എന്നതാണ് മൊത്തം എപിസോഡ് സാധാരണക്കാർക്ക് നൽകുന്ന ചിത്രം.