Sorry, you need to enable JavaScript to visit this website.
Monday , July   04, 2022
Monday , July   04, 2022

തന്ത്രക്കാരും കോടതികളും

'മടിയിൽ കനമുള്ളവൻ വഴിയിൽ പേടിക്കണം, മുതകിൽ പുണ്ണുള്ളവൻ വേലിനൂരാൻ ഭയക്കണം' എന്നത്രേ പഴമൊഴി. ഇതു രണ്ടുമില്ലാഞ്ഞിട്ടും ആദ്യമൊക്കെ ഉമ്മൻ ചാണ്ടി ഭയന്നു. പലരും പിന്തുണ പ്രഖ്യാപിച്ചും പ്രോത്സാഹിപ്പിച്ചും അറ്റകൈയ്ക്ക് വിരട്ടിയുമൊക്കെ വഴിതെളിച്ചിട്ടാണ് കുഞ്ഞൂഞ്ഞച്ചായൻ കോടതിയിൽ പോയത്. മൂന്നു തവണ നേരിട്ടു ചെന്നുവെന്നാണ് നാട്ടുവാർത്ത. ഫലം വന്നപ്പോൾ ഫസ്റ്റ് റാങ്ക്. തൊണ്ണൂറ്റിരണ്ടുകാരൻ വി.എസ് ഔട്ട്. പത്തുലക്ഷത്തി പതിനായിരം രൂപ അത്ര ചെറുതൊന്നുമല്ല; നെത്തോലി ഒരു ചെറിയ മീനല്ല എന്നു പറഞ്ഞതുപോലെ. വി.എസ് കോടതിയിൽ വീണ്ടും പോകും. പോയാൽ നന്ന്. അതല്ല, തുക കോടതിയിൽ കെട്ടിവെയ്ക്കുകയാണെങ്കിൽ ഉമ്മൻ ചാണ്ടി അതെടുത്തു സമൂഹ നന്മയ്ക്കായി ചെലവാക്കും. അത്രയും കൊണ്ട് ഒരു നന്മയും ഉണ്ടാകാൻ പോകുന്നില്ല. 'പ്രളയകാലത്ത് കിറ്റ്'     കൊടുത്തതിന്റെ നൂറിലൊരംശം ലാഭവും ഉണ്ടാകില്ല. അതായത് പണം പാഴായിപ്പോകും. സ്വന്തം പാർട്ടിക്കാർ മാത്രമല്ല, കോൺഗ്രസിലെ ചാണടി വിരുദ്ധരും സഖാവിനു മേൽ സമ്മർദം തുടങ്ങിയിട്ടുണ്ട്; അരഞ്ഞാണം വിറ്റിട്ടായാലും അപ്പീൽ പോകണം. സോളാർ ഒരു 'അടഞ്ഞ' അധ്യായമായി അങ്ങനെ കൂർക്കം വലിച്ചു കിടന്ന് ഉറങ്ങണ്ട. മാത്രമല്ല, കേസ് 'ലൈവാ'യാൽ അന്നന്ന് ടി.വിയിലും ലൈവാകും. അതൊരു സുഖമാണ്. അച്ചായൻ അന്നു പ്രൈവറ്റ് കമ്പനി തുടങ്ങിയെന്നായിരുന്നു സഖാവിന്റെ പ്രസംഗം.

പ്രസംഗത്തിനെതിരെ കേസു കൊടുക്കുക എന്നു പറഞ്ഞാൽ കാറ്റിനെതിരെ വേലി കെട്ടുന്നതു പോലെയത്രേ! ഒരു ചാനൽ ചർച്ചയുടെ അത്ര വിലയേ പ്രസംഗത്തിനും കൽപിക്കാവൂ; പ്രത്യേകിച്ചു തെരഞ്ഞെടുപ്പു വേളയിൽ. അതിനെക്കുറിച്ച് ഗ്രന്ഥകർത്താവും കവിയുമൊക്കെയായ ഒരു സംസ്ഥാന ഗവർണർ പണ്ടേ തന്നെ ഇങ്ങനെ വിലയിരുത്തിയിട്ടുണ്ട് - 'പ്രസംഗിക്കുന്നതും പ്രകടന പത്രികയിൽ പറയുന്നതുമെല്ലാം നടപ്പിലാക്കാനുള്ളതാണോ? അതിനു കഴിയുമോ' എന്ന്. വി.എസ് സോളാർ പ്രൈവറ്റ് കമ്പനി ആരോപിക്കുന്ന കാലത്ത് ഒമ്പതു വയസ്സിനു ചെറുപ്പമായിരുന്നു. എങ്കിലും ഇന്നും ഒരു അങ്കത്തിനു ബാല്യമുണ്ടെന്നാണ് ആരാധന മൂത്ത പക്ഷക്കാർ വിശ്വസിക്കുന്നത്. അവർക്കു വേണ്ടിയെങ്കിലും കേസ് ജയിച്ച തുക സമൂഹ നന്മയ്ക്കു ചെലവാക്കുന്നതിൽ നിന്നും ഉമ്മൻ ചാണ്ടിയെ പിന്തിരിപ്പിക്കുക തന്നെ വേണം. അച്ചായൻ ലൈവായാൽ അടുത്ത തവണയും മത്സരിക്കും. പാവം ചെന്നിത്തലയുടെ ചിരകാല സ്വപ്നമായ 'താക്കോൽ സ്ഥാനം' വീണ്ടും അകന്നുപോകും എന്നത് മറ്റൊരു കാര്യം.
1984 മുതൽ മൂന്നു കൊല്ലം അഴിമതിയെ പിടിച്ചുകെട്ടാൻ പെടാപ്പാടു പെട്ടതാണ് യു.ഡി.എഫ്. 87 ൽ അഴിമതി നിരോധന ബില്ലിന്റെ പ്രസവം നടന്നു. കിം ഫലം? പുലിക്കുഞ്ഞെന്നു കരുതിയതു വെറും കടലാസു പുലി ആയിപ്പോയി. എവിടെയും പഴുതുകൾ. ഓട്ടപ്പാത്രം! മുകളിലിരിക്കുന്ന മന്നന്മാരെയും ശിങ്കങ്ങളെയും തൊടാൻ വഴിയില്ല. വില്ലേജോഫീസിലെ ശിപായിയെ പിടിച്ചുകെട്ടാൻ എളുപ്പ മാർഗങ്ങളും! അതു കണ്ടിട്ട് 1999ൽ 'മടിയിൽ കനമില്ലാത്ത' ഇ.കെ. നായനാർ ലോകായുക്ത ആക്ട് കൊണ്ടുവന്നു. അതിൽ പിന്നെ, ഉന്നതന്മാർ ഉറക്കമെണീറ്റിരുന്നത് 'തനിനിറം' ദിനപത്രത്തിന്റെ അന്നേ ദിവസം തങ്ങളുടെ പേരുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടായിരുന്നു. നായനാർ സർക്കാർ കാട്ടിയ ബുദ്ധിമോശം തിരുത്താൻ സഖാവിന്റെ നാട്ടിൽനിന്നു തന്നെ ഒരു തിരുപ്പിറവിയുണ്ടായി. ഒറ്റ ഓർഡിനൻസ്!


ദേ കിടക്കുന്നു ലോകായുക്ത! ഇപ്പോ കൈയാലപ്പുറത്തെ തേങ്ങ എന്നു പച്ച മലയാളം. പണ്ട് അണ്ണാ ഹസാരെ പോലും സമരം ചെയ്തിട്ടാണ് മേൽപടി ബില്ലുണ്ടായത്. പുതിയ ഓർഡിനൻസ് ഗവർണർ ഒപ്പിടണം. അതോടെ ലോക നീതിമാന്റെ ചിറകരിയും. അധികാരികൾക്ക് അമേരിക്കയിലായാലും തൃശൂരിലായാലും കണ്ണൂർ യൂനിവേഴ്‌സിറ്റി വളപ്പിലായാലും സമാധാനത്തോടെ കിടന്നുറങ്ങാം. ഇരുന്നുറങ്ങുന്ന ശീലക്കാർക്ക് അതും ആകാം.
പക്ഷേ എവിടെയും ഒരു കല്ലുകടി ഉണ്ടാകും. എൽ.ഡി.എഫിന്റെ 'എല്ലി'ൽ തന്നെ 'കല്ലു' കണ്ടെത്തുന്നവരാണ് പ്രതിപക്ഷം. ഗവർണർ ഒപ്പിടരുതെന്ന് വി.ഡി. സതീശനാശാൻ കത്തയച്ചതു കേട്ട് വർഗ ശത്രുക്കൾ മൊത്തം ആഹ്ലാദിക്കുന്നുണ്ട്. എന്നാൽ സതീശനെ തിരിച്ചറിയാനുള്ള കഴിവ് ഗവർണർക്കുണ്ട് എന്നു മാത്രം മനസ്സിലാക്കുക. മറ്റൊരു ശബ്ദം കേട്ടത് കോട്ടയം ജില്ലയിലെ 'കാനം' ദേശത്തുനിന്നാണ്. ഇടയ്ക്കിടെ ധാർമിക രോഷം പുറത്തു വിടുകയും തുടർന്ന് പൂർവ സ്ഥാനത്തു ചെന്നു കിടക്കുകയും ചെയ്യുന്നതാണ് ആ കക്ഷിയുടെ പ്രകൃതം. പി.കെ.വി സഖാവ് മുഖ്യമന്ത്രി പദം ഒഴിഞ്ഞ് കലർപ്പില്ലാത്ത ഇടതുമുന്നണി- കലർപ്പിലാത്ത നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് ഇത്യാദി പോലെ- രൂപീകരിച്ച കാലം മുതൽക്കേ ആ കക്ഷിയുടെ ശീലം അങ്ങനെയായിപ്പോയി. രാജേന്ദ്രൻ സഖാവ് പ്രതികരിച്ചാലും ഇല്ലെങ്കിലും പകലും രാത്രിയുമുണ്ടാകും; ജനയുഗം ദിനപത്രം പുറത്തിറങ്ങും. ഭരണം പിണറായി സഖാവ് നടത്തിക്കൊള്ളും. 'ലോകായുക്ത' പ്രശ്‌നം ഉയർന്നതുകൊണ്ട് ഒരു നേട്ടമുണ്ടായി; സി.പി.ഐക്ക് കെ റെയിൽ പ്രശ്‌നം താഴ്ത്തി കസേരക്കടിയിൽ വെക്കാൻ അവസരം ലഭിച്ചു.
****                                        ****                           ****
'സ്ഥിരം കുറ്റവാളി ജെ.സി.ബി നാരായണ സ്വാമിക്ക് ബംഗളൂരു ജയിലിൽ പ്രത്യേകം ടി.വി, ഫ്രിഡ്ജ്, സോഫ, മൊബൈൽ ഫോൺ, പോരാഞ്ഞിട്ട് പുറത്തുനിന്ന് ആഡംബര ഭക്ഷണവും' -കേട്ടവർ ആരും ഞെട്ടിയില്ല. ചെന്നൈയിൽനിന്നും പരപ്പന അഗ്രഹാര ജയിലിലെത്തി സുഖവാസത്തിൽ ഏർപ്പെട്ട വി.കെ. ശശികലക്കും കേമമായിരുന്നു ആ അവധിക്കാലം. വടക്ക് ബിഹാറിൽ കാലിത്തീറ്റ കുംഭകോണത്തിൽ 'അകത്തു കിടന്ന' ലാലു പ്രസാദ് യാദവിനും ഒട്ടും മുഷിയാത്ത സൗകര്യങ്ങൾ നിമിത്തം സന്തോഷത്തിന് അതിരില്ലായിരുന്നുവത്രേ! ഇനി അട്ടപ്പാടിയിൽ ആഹാരം അന്വേഷിച്ചു നടന്ന കുറ്റത്തിന് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി മധുവിന്റെ കാര്യം. കേസിൽ കോടതിയിൽ ഹാജരാകാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കു സമയമമായില്ലത്രേ! നാലു കൊല്ലമായി. ആരും ഞെട്ടിയില്ലെന്നു കരുതട്ടെ.
കെ. റെയിൽ എങ്ങോട്ടാണിത്ര ധിറുതിയിൽ എന്നു ചോദിച്ച കവി റഫീഖ് അഹമ്മദ് മഠയനായോ? മാക്ട എന്ന സംഘടനയൊഴികെ ആരും അനുകൂലിച്ചു വാ തുറന്നിട്ടില്ല. എതിർപക്ഷത്തോ, 
ട്രോളു'കളുടെ പൂരം!

Latest News