Sorry, you need to enable JavaScript to visit this website.

ലോകായുക്ത വാദം ആദ്യം സി.പി.ഐയെ ബോധ്യപ്പെടുത്തട്ടെ- വി.ഡി.സതീശന്‍

തിരുവനന്തപുരം- ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആദ്യം സി.പി.ഐയെ ബോധ്യപ്പെടുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.   മുഖ്യമന്ത്രിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താനാണ് ഈ നീക്കമെന്ന് വ്യക്തമാണ്. 22 വര്‍ഷമായി എല്‍.ഡി.എഫ് മുന്നോട്ടുവെക്കാത്ത ലോകായുക്തയിലെ ഭരണഘടനാ വിരുദ്ധത എന്ന വാദം മുഖ്യമന്ത്രിക്കെതിരായ കേസ് വന്നപ്പോള്‍ മാത്രമാണ് അവര്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 ല്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായയാണ് ലോകായുക്ത എന്നാണ് മുഖ്യമന്ത്രി നിയമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാല്‍ 2022ല്‍ തനിക്കെതിരേ കേസ് വന്നപ്പോള്‍ ഇതിന് മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ്.

നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ യോഗ്യതയുള്ള ഏക അധികാരം കോടതിക്ക് മാത്രമാണ്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങള്‍ വെറും ന്യായീകരണം മാത്രമാണ്. വാദങ്ങള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള അടിത്തറയുമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ ദുരൂഹത ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും കാനം രാജേന്ദ്രനും സി.പി.ഐക്കും മറുപടി കൊടുക്കട്ടേയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

Latest News