കാനഡ അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കുടുംബം ഗുജറാത്ത് സ്വദേശികള്‍

ടൊറണ്ടോ- യു.എസ്-കാനഡ അതിര്‍ത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബം ഗുജറാത്ത് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍, ഭാര്യ വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37)മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍ സ്വദേശികളാണ്.

ജനുവരി 19ന് യുഎസ്-കാനഡ അതിര്‍ത്തിയില്‍നിന്ന് 12 മീറ്റര്‍ മാത്രം അകലെയുള്ള മോണിറ്റോബയിലാണ് മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂര്‍ത്തിയായത്. കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഇവര്‍ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കുടുംബത്തിന്റെ ദാരുണമായ മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ടാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തില്‍ അതിര്‍ത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.  

 

Latest News