Sorry, you need to enable JavaScript to visit this website.

കാമുകിയെ ജാമ്യത്തിലിറക്കാന്‍ ഹോട്ടല്‍ കൊള്ളയടിച്ച് ഇരട്ടക്കൊല നടത്തിയ യുവാവിന്റെ വധശിക്ഷ യുഎസ് നടപ്പാക്കി

വാഷിങ്ടന്‍- യുഎസില്‍ 2022ലെ ആദ്യ വധശിക്ഷ നടപ്പാക്കി. ജയിലിലായ കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണത്തിനു വേണ്ടി ഹോട്ടല്‍ കൊള്ളയടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ 2005ല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഡൊനള്‍ഡ് ഗ്രാന്‍ഡ് എന്ന 46കാരനെയാണ് യുഎസ് സംസ്ഥാനമായ ഓക്‌ലഹോമയില്‍ മാരക വിഷമരുന്ന് കുത്തിവച്ച് വധിച്ചത്. വ്യാഴാഴ്ച രാവിലെ 10.16ന് ഗ്രാന്‍ഡിന്റെ മരണം സ്ഥിരീകരിച്ചു. 10.03ന് മരുന്ന് കുത്തിവച്ച് 10.08ഓടെ അബോധാവസ്ഥയിലായി. 13 മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചു. മാധ്യമപ്രവര്‍ത്തകര്‍, പ്രോസിക്യൂട്ടര്‍മാര്‍, പോലീസ് മേധാവി, ഗ്രാന്‍ഡിന്റെ സുഹൃത്തുക്കള്‍, ഇരകള്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ ദൃക്‌സാക്ഷികളായി.

വധശിക്ഷയ്‌ക്കെതിരെ നല്‍കിയ എല്ലാ അപ്പീലുകളും കോടതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് അധികൃതര്‍ വധശിക്ഷ നടപ്പാക്കിയത്. മാരക വിഷം കുത്തിവെച്ച് വേദനിപ്പിച്ച് കൊല്ലുന്നതിനു പകരം തന്നെ വെടിവച്ച് കൊന്നാല്‍ മതിയെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വീകരിക്കപ്പെട്ടില്ല. 

2001ലാണ് അന്ന് 25 വയസ്സുകാരനായിരുന്ന ഗ്രാന്‍ഡ് ഇരട്ടക്കൊല നടത്തി ഹോട്ടല്‍ കൊള്ളയടിച്ചത്. ഒരു ഹോട്ടല്‍ ജീവനക്കാരനെ വെടിവച്ചും മറ്റൊരു ജീവനക്കാരനെ കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു. 

2005ല്‍ കോടതി വധശിക്ഷ വിധിച്ചതിനെതിരെ നിരവധി അപ്പീലുകള്‍ നല്‍കിയെങ്കിലും എല്ലാ തള്ളപ്പെടുകയായിരുന്നു. ഗ്രാന്‍ഡിന് മാനസിക പ്രശ്‌നങ്ങളുള്ളതായും മറ്റും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ ഓക്ലഹോമ സംസ്ഥാനത്തെ വധശിക്ഷ നടപ്പാകുന്ന രീതിക്കെതിരെയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയും സുപ്രീം കോടതി ബുധനാഴ്ച തള്ളിയതോടെയാണ് വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കിയത്. മാരകമായ മൂന്ന് വിഷമരുന്ന് കുത്തിവെപ്പുകള്‍ നല്‍കിയാണ് ഗ്രാന്‍ഡിന്റെ വധശിക്ഷ നടപ്പാക്കിയത്. ഈ കുത്തിവെയ്പ്പുകള്‍ അതികഠിനവേദനയുളവാക്കുന്നവയാണ്. വേദനിപ്പിച്ച് വധശിക്ഷ നടപ്പാക്കുന്നത് യുഎസ് ഭരണഘടന വിലക്കിയിട്ടുണ്ട്.

Latest News