ബിജെപി സ്ഥാനാര്‍ത്ഥിയായി മരുമകള്‍; ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുഖ്യമന്ത്രി പിന്മാറി

പനജി- ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് പ്രതാപ്‌സിന്‍ഹ് റാണെ തെരഞ്ഞെടുപ്പു മത്സരത്തില്‍ നിന്ന് പിന്മാറി. ദീര്‍ഘകാലം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പ്രതാപ്‌സിന്‍ഹ് 45 വര്‍ഷമായി പൊറിയം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ഇത്തവണയും കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി 87കാരനായി പ്രതാപ്‌സിന്‍ഹിനെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി രംഗത്തിറക്കിയതാകട്ടെ പ്രതാപ്‌സിന്‍ഹിന്റെ മരുമകളേയും. കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂമല്ല പിന്‍മാറുന്നതെന്നും പ്രായമായതിനാലാണെന്നും പ്രതാപ്‌സിന്‍ഹ് പറയുന്നു. 

പ്രതാപ്‌സിന്‍ഹിന്റെ മകന്‍ വിശ്വജീത് റാണെ ബിജെപി നേതാവും നിലവില്‍ മന്ത്രിയുമാണ്. വിശ്വജീതിന്റെ ഭാര്യ ഡോ. ദേവിയയെ ആണ് ബിജെപി പൊറിയം നിയോജകമണ്ഡലത്തില്‍ രംഗത്തിറക്കിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് വിശ്വജീത് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. 

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമെ ഇല്ലെന്ന് നേരത്തെ പ്രതാപ്‌സിന്‍ഹ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പനജിയില്‍ നടന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി സര്‍ക്കാര്‍ പ്രതാപ്‌സിന്‍ഹ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ആദരിച്ചിരുന്നു. ഗോവയില്‍ നിയമസഭാ സമാജികനായി 50 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയതിനുള്ള ആദരമായിട്ടാണ് കോണ്‍ഗ്രസ് നേതാവിന് ബിജെപി സര്‍ക്കാര്‍ ഈ പദവി നല്‍കിയത്. ഭാവിയില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍മാര്‍ക്കും എംഎല്‍എ ആയി 50 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഈ പദവി നല്‍കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചിരുന്നു.

Latest News